കൊച്ചി- ദുരിതബാധിതർക്ക് വിതരണം ചെയ്യാനെത്തിച്ച അടിവസ്ത്രങ്ങളും നൈറ്റികളും പോലീസുകാരി മോഷ്ടിച്ചു. കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യാനായി കൊച്ചിയിലെ ഒരു പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. പോലീസ് സ്‌റ്റേഷനിൽ തരംതിരിക്കാനായി എത്തിച്ച സാധനങ്ങൾ പോലീസുകാരി തന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി കൊടുത്തയക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. 34 നൈറ്റികൾ ഉൾപ്പെടെ എണ്ണി കാറിലേക്ക് കൊണ്ടുവെക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. അടിവസ്ത്ര പായ്ക്കറ്റുകളും കാറിലേക്ക് മാറ്റി. അതിനിടെ ആന്ധ്രയിൽ നിന്ന് വിതരണം ചെയ്യാനെത്തിച്ച വസ്ത്രങ്ങൾ മോഷണം പോയതായും ആരോപണമുയർന്നിട്ടുണ്ട്. കോട്ടയത്തെ ഒരു ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെയാണ് ആരോപണം. ഇവരുടെ വീട്ടിലാണ് ആന്ധ്രയിൽ നിന്നുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതിൽ നിന്നാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങളും മുണ്ടുകളും നാപ്കിനുകളും മോഷ്ടിച്ചത്.