ഇടുക്കിയില്‍ പാചകവാതകം ചോര്‍ന്ന് വീട് കത്തിനശിച്ചു

ഗ്യാസ് ചോര്‍ന്ന് കത്തി നശിച്ച രാജാക്കാട് ഇഞ്ചനാട്ട് ചാക്കോയുടെ വീട്

ഇടുക്കി-രാജാക്കാടിന് സമീപം പാചകവാതകം ചോര്‍ന്ന് വീട് പൂര്‍ണ്ണമായും കത്തിനശിച്ചു. ഇഞ്ചനാട്ട് ചാക്കോയുടെ ഉടമസ്ഥതയിലുള്ള വീടാണ് ഇന്നു(തിങ്കള്‍) പുലര്‍ച്ചെ നാല് മണിയോടെ അഗ്നിക്കിരയായത്. പൂക്കുളത്ത് സന്തോഷും കുടുംബവും വാടകക്ക് താമസിക്കുന്ന  വീടാണിത്. കടകളിലേക്ക് പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍പന നടത്തി വരികയായിരുന്നു സന്തോഷ്.
രാവിലെ ജോലിക്കിടയില്‍ ഗ്യാസ് അടുപ്പിലെ തീ കുറഞ്ഞതിനെ തുടര്‍ന്ന് പുതിയ കുറ്റി മാറ്റി സ്ഥാപിക്കുന്നതിനിടെ പാചകവാതകം ലീക്കായി തീ പടരുകയായിരുന്നു. ഉടുതുണി ഒഴികെ വീട്ടിലുണ്ടായിരുന്ന രേഖകള്‍ സഹിതം സകല വസ്തുക്കളും കത്തിനശിച്ചു. മുറ്റത്തിരുന്ന ബൈക്ക്, കുടിവെള്ള ടാങ്ക് തുടങ്ങിയവയും കത്തി നശിച്ചു. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ സന്തോഷ് (54), ഭാര്യ ശ്രീജ (41) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ താമസക്കാരനായ സന്തോഷ് ആണ് വാതില്‍ ചവിട്ടിത്തുറന്ന് പൊള്ളലേറ്റ സന്തോഷിനേയും ഭാര്യ ശ്രീജയേയും അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഇവരുടെ മകന്‍ സാരംഗിനേയും പുറത്തെത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇരുവരെയും അടിമാലിയിലെ പൊള്ളല്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. അടിമാലി, നെടുങ്കണ്ടം സ്റ്റേഷനുകളിലെ അഗ്നി രക്ഷസേനയെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് രാവിലെ ഏഴരയോടെ തീയണക്കാന്‍ കഴിഞ്ഞത്. രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Latest News