നായ ജീവനുമായി ഓടിയത് പോലീസ് സ്‌റ്റേഷനിലേക്ക്, പിന്നാലെ പുള്ളിപ്പുലിയും; നായയെ കൊടുത്ത് പോലീസുകാർ ജീവൻ കാത്തു

രത്‌നഗിരി (മഹാരാഷ്ട്ര) - സാധാരണ പോലീസ് സ്‌റ്റേഷൻ എല്ലാവരുടെയും അഭയ കേന്ദ്രമാണ്. അതിനാലാവാം, ഇരതേടി അലഞ്ഞ പുള്ളിപ്പുലിയുടെ വേട്ടയിൽനിന്നും രക്ഷതേടി ഗത്യന്തരമില്ലാതെ നായയും പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറിയത്. 
 പക്ഷേ, പുള്ളിപ്പുലി വിട്ടില്ല. നായയോടൊപ്പം പുള്ളിപ്പുലിയും പോലീസ് സ്‌റ്റേഷനിൽ കയറി നിരങ്ങിയതോടെ പോലീസുകാരും ഭയന്നു. അവർക്കുമുണ്ടാകുമല്ലോ ജീവഭയം.
 ഉടനെ അവർ സുരക്ഷിതമായ ഒരിടത്തേക്ക് മാറിനിന്നു. അതിനാൽ മനുഷ്യർക്കുനേരെ പുള്ളിപ്പുലിയുടെ ആക്രമണം ഉണ്ടായില്ല. ശേഷം, സ്റ്റേഷനിൽനിന്ന് നായയെ പിടിച്ച ശേഷം പുള്ളിപ്പുലി പുറത്തേക്കു വന്ന് പോലീസ് സ്റ്റേഷന്റെ പിൻവശത്തുള്ള വാട്ടർ ടാങ്കിന്റെ ഭാഗത്തേക്ക് പോവുകയായിരുന്നു. മറ്റ് നായകളെല്ലാം അപ്പോഴേക്കും ഓടിയൊളിച്ചു. 
 മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ രജപൂർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സി.സി.ടി.വിയിൽ പതിഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.

Latest News