വാട്സ്ആപ്പ് ധാരാളമായി ഉപയോഗിക്കുന്നവര്‍ക്ക് ഈ ട്രിക്ക് ഉപയോഗിച്ചാല്‍ സമയം ലാഭിക്കാം. ഗ്രൂപ്പുകളും ചാറ്റുകളും മെസേജുകളും കൊണ്ട് വാട്സ്ആപ്പ് നിറയുന്നവര്‍ക്ക് അത്യാവശ്യ മെസേജുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഈ എളുപ്പവിദ്യ സഹായകമാകും.
ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും മെസേജുകള്‍ ചാറ്റുകളുടെ പ്രളയത്തില്‍ നഷ്ടമാകാതിരിക്കാനും യഥാസമയം തന്നെ ശ്രദ്ധയില്‍ പെടാനും സഹായിക്കുന്നതാണ് വാട്സ്ആപ്പില്‍ ലഭ്യമായ പിന് ഒപ്ഷന്‍.
ആന്‍ഡ്രോയിഡിലും ഐഫോണിലും ഇപ്പോള്‍ ഈ വാട്സ്ആപ്പ് സൗകര്യം ലഭ്യമാണ്.
വാട്സാപ്പിലെ ഒരു ചാറ്റ് പിന് ചെയ്യുക വളരെ എളുപ്പമാണ്. ആന്‍ഡ്രോയിഡിലാണെങ്കില്‍ ചാറ്റ് മെസേജ് അല്പനേരം അമര്‍ത്തിപ്പിടിച്ചാല്‍ സ്റ്റാറ്റസ് ബാറില്‍ മെനു ഒപ്ഷന്‍ ലഭ്യമാകും. മെനുവില്‍ ഏറ്റവും ഇടതു വശത്തായി പിന് ഐക്കണ്‍ കാണാം. അതില്‍ അമര്‍ത്തിയാല്‍ മാത്രം മതി. ഇങ്ങനെ ചെയ്യുന്ന ചാറ്റ് വാട്സ്ആപ്പിലെ എല്ലാ മെസേജുകളുടേയും മുകളിലെത്തും. മൂന്ന് ചാറ്റുകള്‍ മാത്രമേ ഇങ്ങനെ ചെയ്യാന്‍ പറ്റൂ. അതുകൊണ്ട് ഏറ്റവും പ്രധാനപ്പെട്ടതും നഷ്ടപ്പെടാന്‍ പാടില്ലാത്തതുമായി മൂന്ന് പേരെ തെരഞ്ഞെടുത്ത് അവരുടെ മെസേജുകള്‍ പിന് ചെയ്യാന്‍ ശ്രദ്ധിക്കുക. ഐഫോണിലാണെങ്കില്‍ സൈ്വപ് ചെയ്താല്‍ ഇടതുവശത്ത് പിന് ഒപ്ഷന്‍ കാണാം.
കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അത്യാവശ്യ മെസേജ് അയക്കുന്നതിന് നീണ്ട ചാറ്റുകളില്‍ പരതേണ്ടതില്ലെന്നാണ് പിന് ചാറ്റ് കൊണ്ടുള്ള മെച്ചം.