കൊള്ളാത്ത തിരക്കഥ, ബോറടിപ്പിക്കുന്ന ഡയലോഗ്... വാലിബന് പറ്റിയതെന്ത്?

കോഴിക്കോട് - ചരിത്രസിനിമയെന്ന് പറയാന്‍ കൊള്ളാത്ത തിരക്കഥ, ബോറടിപ്പിക്കുന്ന ഡയലോഗ് പ്രസന്റേഷന്‍, അസഹനീയമായ ലാഗിംഗ് തുടങ്ങിയ കൊള്ളരുതായ്മകളാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയില്‍  കൂടുതലുള്ളതെന്ന് എഴുത്തുകാരന്‍ എ.കെ. അബ്ദുല്‍ ഹകീം. നല്ല പടങ്ങളുടെ അഭാവത്താല്‍ മാത്രം മാര്‍ക്കറ്റിടിഞ്ഞ് നില്‍ക്കുകയായിരുന്ന ലാലിന് ഒരുയിര്‍ത്തെഴുന്നേല്‍പ്പ് അനിവാര്യം തന്നെയായിരുന്നു. മമ്മൂട്ടി കത്തിജ്വലിച്ചു നില്‍ക്കുമ്പോള്‍ വിശേഷിച്ചും- ഹക്കീം എഴുതി.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വിശ്വോത്തര സിനിമയെന്ന വാഴ്ത്തല്‍, ലോക സിനിമയുടെ അപ്പോസ്തലനെന്ന  വാഴിക്കല്‍, കീഴടക്കാന്‍ ബാക്കിയൊന്നുമില്ലാത്ത നടനെന്ന ലാലാരാധന, ബാലരമ മുതല്‍ അമര്‍ ചിത്രകഥ
വരെ വെച്ചുകൊണ്ടുള്ള ന്യായീകരണങ്ങള്‍...
സോഷ്യല്‍ മീഡിയയില്‍ രണ്ടുമൂന്നു ദിവസമായി നടക്കുന്ന അഭ്യാസങ്ങള്‍ക്ക് കണക്കില്ല. എഫ്.ബി യില്‍ വന്ന കുറിപ്പുകളില്‍ പലതും ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രസിദ്ധീകരണത്തിനെടുത്തു. അച്ചടി-ദൃശ്യ മാധ്യമങ്ങളിലും പരസ്യസമാനമായ അഭിമുഖങ്ങളും ഫീച്ചറുകളും വന്നു. മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രമോഷന്‍ കസര്‍ത്തുകളാണ് വാലിബെന രക്ഷിച്ചെടുക്കാന്‍വേണ്ടി ആസൂത്രണം ചെയ്യപ്പെട്ടത്.
ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തിപരമാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍ ഫിലിം റിവ്യുകളില്‍ പലതും കേവലമായ ആസ്വാദനക്കുറിപ്പുകളായല്ല അനുഭവപ്പെട്ടത്. ഇതെന്താണിങ്ങനെ എന്ന് തോന്നിയിരുന്ന സംശയം മാറിക്കിട്ടിയത് ഇന്നാണ്. കൃത്യമായി പറഞ്ഞാല്‍ സിനിമ കണ്ടുകഴിഞ്ഞപ്പോള്‍. ഇമ്മാതിരി ഒരു ഹൈപ്പുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടുപോയിരുന്നെങ്കില്‍, ബോക്‌സോഫീസില്‍ മൂക്കുംകുത്തി വീണു പോകാനുള്ള കോപ്പേ മലൈക്കോട്ടൈ വാലിബനുള്ളൂ എന്നതാണ് വാസ്തവം.
ചരിത്രസിനിമയെന്ന് പറയാന്‍ കൊള്ളാത്ത തിരക്കഥ, ബോറടിപ്പിക്കുന്ന ഡയലോഗ് പ്രസന്റേഷന്‍,അസനീയമായ ലാഗിംഗ് തുടങ്ങിയ കൊള്ളരുതായ്മകളാണ് സിനിമയില്‍ കൂടുതലുമുള്ളത്. ഫാന്റസികള്‍ ചേര്‍ത്ത് വെച്ച ചലച്ചിത്രവിസ്മയം എന്നൊക്കെയുള്ളത് വെറും തള്ളാണ്. ദൃശ്യഭംഗിയുള്ള ഫ്രെയിമുകളും ഫൈറ്റ് സീനുകളുടെ ആകര്‍ഷകത്വവും മാത്രമാണ് എടുത്തു പറയാനുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം.
ആയിരക്കണക്കിന് ആര്‍ട്ടിസ്റ്റുകള്‍, കോടികളുടെ മുതല്‍മുടക്ക് തുടങ്ങി സിനിമ പരാജയപ്പെടരുത് എന്ന് പറയാനുള്ള കാരണങ്ങളോട് വിയോജിക്കുന്നില്ല. കലാമൂല്യമല്ല, കംപാഷനാണ് ഈ സമീപനത്തിന്റെ അടിസ്ഥാനം എന്ന് എല്ലാവരും സമ്മതിക്കുമെങ്കില്‍.
സത്യസന്ധമായ ഇത്തരം അഭിപ്രായങ്ങള്‍ റിലീസിംഗിന്റെ ആദ്യ ദിവസം വന്നിരുന്നു. സംഘടിത ആക്രമണത്തെ ഭയന്നോ , ബുദ്ധിജീവിയല്ലാത്തതിനാല്‍ പടം മനസിലാവാത്തതാണെന്ന പരിഹാസത്തില്‍ തളര്‍ന്നോ ആവണം അവരില്‍ പലരും കളം വിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 'കണ്ടതെല്ലാം പൊയ്' എന്ന സിനിമയിലെ കീ വേര്‍ഡ് തന്നെയാണ് സിനിമയ്ക്ക് പുറത്തും നിറഞ്ഞാടുന്നത്.
നല്ല പടങ്ങളുടെ അഭാവത്താല്‍ മാത്രം മാര്‍ക്കറ്റിടിഞ്ഞ് നില്‍ക്കുകയായിരുന്ന ലാലിന് ഒരുയിര്‍ത്തെഴുന്നേല്‍പ്പ് അനിവാര്യം തന്നെയായിരുന്നു. മമ്മൂട്ടി കത്തിജ്വലിച്ചു നില്‍ക്കുമ്പോള്‍ വിശേഷിച്ചും.ആയതിനാല്‍ ഫാന്‍സുകാരെ കുറ്റപ്പെടുത്തേണ്ടതില്ല എന്ന അഭിപ്രായം എനിക്കുമുണ്ട്. എന്നാല്‍ അങ്ങനെയല്ലെന്ന് നമ്മളിതുവരെ കരുതിയിരുന്ന നല്ല ക്രഡിബിലിറ്റിയുള്ള ചില സിനിമാ നിരൂപകരും ഫാന്‍സ് അസോസിയേഷന്‍ മെമ്പര്‍മാരായി എന്നത് ഒരു ദുര്യോഗം തന്നെയാണ്.

 

Latest News