ധാക്ക- രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ട നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് ബംഗ്ലാദേശിലെ അപ്പീല്‍ കോടതി ഞായറാഴ്ച ജാമ്യം അനുവദിച്ചു. ശിക്ഷക്കെതിരായ അപ്പീല്‍ പരിഗണിക്കാനും കോടതി സമ്മതിച്ചു.
ദരിദ്രരായ ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ സഹായിക്കുന്നതിന് മൈക്രോക്രെഡിറ്റ് ഉപയോഗിക്കുന്നതിന് തുടക്കമിട്ട് രാജ്യത്ത് വലിയ സാമ്പത്തിക വിപ്ലവം സൃഷ്ടിച്ച യൂനുസ്, ഞായറാഴ്ച രാവിലെയാണ് ജാമ്യം തേടി അപ്പീല്‍ നല്‍കിയത്. 2006ലാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.
83 കാരനായ അദ്ദേഹത്തേയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും ജനുവരി ഒന്നിനാണ് ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്. എന്നാല്‍ വിധിയും ശിക്ഷയും അപ്പീല്‍ ചെയ്യാന്‍ അവര്‍ക്ക് 30 ദിവസത്തെ ജാമ്യം ലഭിച്ചു.
ശിക്ഷ വിധിക്കുന്നതിനുള്ള അപ്പീലില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ജാമ്യം പ്രാബല്യത്തിലുണ്ടാകുമെന്ന് ഞായറാഴ്ചത്തെ കോടതി വിധി പറഞ്ഞു. അപ്പീലിന്റെ ആദ്യ വാദം മാര്‍ച്ച് മൂന്നിന് നടക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന് അബ്ദുല്ല അല്‍ മാമുന് പറഞ്ഞു.






