അബുദാബി- കഴിഞ്ഞ ദിവസം ഇരുപത്തിനാലാം വയസ്സില്‍ നിര്യാതയായ പ്രമുഖ യു.എ.ഇ റേസിംഗ് താരം ഹംദ തര്യം രാജ്യത്തിന്റെ കായിക മേഖലയില്‍ സങ്കടം പരത്തുന്ന ഓര്‍മയാണ്. പ്രശസ്തിയുടെ കൊടുമുടിയില്‍ ജ്വലിച്ചുനില്‍ക്കുമ്പോഴാണ് ഹംദയുടെ വിടവാങ്ങല്‍. റേസിംഗ് രംഗത്ത് മാത്രമല്ല, ജീവകാരുണ്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച യുവതിയാണ് ഹംദ. ഇപ്പോഴിതാ, ഹംദയുടെ അപൂര്‍ണമായ ജീവകാരുണ്യ സംരംഭങ്ങള്‍ മുന്നോട്ടുനീങ്ങാന്‍ വഴിയൊരുക്കുകയാണ് യു.എ.ഇ ഭരണകൂടം.
'ദി ഫാസ്റ്റസ്റ്റ്' എന്ന നെറ്റ്ഫ്‌ളിക്‌സ് ഷോയിലൂടെ പ്രശസ്തി നേടിയ ഹംദ ഒരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു. അവരുടെ വിയോഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഫൗണ്ടേഷന്‍ പ്രോജക്റ്റുകളും ഉപേക്ഷിക്കാനിടയാക്കിയിരുന്നു. എന്നാല്‍
ഉഗാണ്ട ആസ്ഥാനമായുള്ള ഹംദ തര്യം മതര്‍ തര്യം ഫൗണ്ടേഷന്റെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഷാര്‍ജ ചാരിറ്റബിള്‍ സൊസൈറ്റി മുഖേന സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച ഒരു ദശലക്ഷം ദിര്‍ഹം അനുവദിച്ചു. ഹംദയുടെ പിതാവ് തര്യം മതര്‍ തര്യത്തിനും മുഴുവന്‍ തര്യം കുടുംബത്തിനും ഭരണാധികാരി അനുശോചനം അറിയിച്ചു.

ഹംദ ഫൗണ്ടേഷന്‍ ഫോര്‍ ചാരിറ്റബിള്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തിലൂടെ വിവിധ ചാരിറ്റബിള്‍ പ്രോജക്ടുകള്‍ക്ക് തുടക്കമിട്ട ഉഗാണ്ടയിലെ അറിയപ്പെടുന്ന മനുഷ്യസ്‌നേഹിയായിരുന്നു ഹംദ. 2022 മാര്‍ച്ചില്‍, എമിറേറ്റ്‌സ് കസ്റ്റം ഷോ എക്‌സിബിഷനില്‍, ഉഗാണ്ടയിലെ മസ്‌ക മേഖലയിലെ ഒരു വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായി ഹംദ വൊക്കേഷണല്‍ ആന്‍ഡ് സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരില്‍ ഒരു പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചു.
അനാഥരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പ്രൊഫഷണല്‍ പരിശീലനം നല്‍കാനും തൊഴില്‍ വിപണിക്ക് ആവശ്യമായ വൈദഗ്ധ്യം നല്‍കാനും ഈ സ്ഥാപനം ലക്ഷ്യമിടുന്നു. ഇതില്‍നിന്നുള്ള എല്ലാ വരുമാനവും ഫൗണ്ടേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മാനുഷികവും ജീവകാരുണ്യവുമായ പ്രോജക്ടുകളിലേക്കാണ് നയിക്കുന്നത്.

അനാഥര്‍ക്കായുള്ള 'തര്യം സ്‌കൂള്‍' പദ്ധതിയുടെ തുടര്‍ച്ചയായ ഈ സ്ഥാപനം, ഫൗണ്ടേഷന്‍ മുമ്പ് പൂര്‍ത്തിയാക്കിയ ഒരു കൂട്ടം മാനുഷിക പദ്ധതികളുടെ ഭാഗമാണ്. അനാഥര്‍ക്കായുള്ള പദ്ധതി എല്ലാ തലങ്ങളിലുമുള്ള 350 ആണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുന്നു.
800,000 ദിര്‍ഹം ചെലവ് വരുന്ന ലാഭേച്ഛയില്ലാത്ത ആശുപത്രി പദ്ധതിയും ഫൗണ്ടേഷന്‍ പൂര്‍ത്തിയാക്കി. 2020 നവംബര്‍ 11 ന് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു, ഏകദേശം 300,000 രോഗികളെ സൗജന്യമായി ചികിത്സിക്കുകയും 5000 പ്രസവങ്ങള്‍ നടത്തുകയും ചെയ്തു.






