അബുദാബി- ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ സ്ട്രീറ്റിലെ ഒരു പ്രത്യേക പാതയില്‍നിന്ന് ഭാരവാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ അനുമതി. ബെനോന പാലം മുതല്‍ ഇക്കാദ് പാലം വരെ ഇരു ദിശകളിലേക്കും ഹെവി വാഹനങ്ങള്‍ മറികടക്കാന്‍ രണ്ടാമത്തെ വലത് പാത ഉപയോഗിക്കാന്‍ അബുദാബി അധികൃതര്‍ അനുമതി നല്‍കി.
ഇത് 2024 ജനുവരി 29 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാകും.
ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ സ്വന്തം സുരക്ഷക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ആദ്യം സൈഡ് മിററുകള്‍ പരിശോധിച്ച് ഓവര്‍ടേക്ക് ചെയ്യുന്നതിനുമുമ്പ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ഇല്ലെന്ന് ഉറപ്പാക്കണം. ഇതിനുശേഷം അവര്‍ സിഗ്‌നലുകള്‍ ഉപയോഗിക്കണം. ഓവര്‍ടേക്ക് ചെയ്ത ശേഷം, വലത് ലെയിനിലേക്ക് മടങ്ങണം.
യു.എ.ഇയിലെ ഗതാഗത സുരക്ഷയുടെ നിലവാരം ഉയര്‍ത്താനും എമിറേറ്റിലെ ഗതാഗതക്കുരുക്കില്‍നിന്ന് ലോജിസ്റ്റിക് ഗതാഗത മേഖലയെ മോചിപ്പിക്കാനുമാണ് തീരുമാനം.
ട്രാഫിക് പട്രോളിംഗും സ്മാര്‍ട്ട് സംവിധാനങ്ങളും റോഡ് നിരീക്ഷിക്കും. ഓവര്‍ടേക്ക് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും.