ഇത് നിങ്ങൾ വിചാരിക്കുന്ന സൗദി അറേബ്യയല്ല, തെറ്റിദ്ധാരണകളുടെ മതിലുകൾ അടിച്ചു തകർത്ത് മെസ്സി

റിയാദ്- സൗദിയെ സംബന്ധിക്കുന്ന തെറ്റിദ്ധാരണകളുടെ മതിൽ പന്തുകൊണ്ട് അടിച്ചുതകർത്ത് ലോക ഫുട്‌ബോളിലെ ഇതിഹാസ താരം ലിയണൽ മെസ്സി. സൗദി ടൂറിസം വകുപ്പ് പുറത്തുവിട്ട വീഡിയോയിലാണ് സൗദിയെ പറ്റി ലോകത്തിനുള്ള മുഴുവൻ തെറ്റിദ്ധാരണകളും മെസ്സി അടിച്ചു തകർക്കുന്നത്. നിങ്ങൾ ചിന്തിക്കുന്നതിനുമപ്പുറം പോകുക എന്ന തലക്കെട്ടിലൂടെയുള്ള വീഡിയോയിലൂടെ പുതിയ ആഗോള  മാർക്കറ്റിംഗിനാണ് സൗദി ടൂറിസം വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്.  സൗദി അറേബ്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറായ ലിയണൽ മെസ്സി ഇന്നലെയാണ് സൗദിയിൽ എത്തിയത്. വീഡിയോ ഇതോടകം ലക്ഷകണക്കിന് ആളുകളുടെ പ്രശംസ ഏറ്റുവാങ്ങി. 

സൗദി ഒരു മരുഭൂമി മാത്രം എന്നെഴുതിയ മതിലിലേക്കാണ് മെസ്സി ആദ്യം പന്തടിച്ചു കയറ്റുന്നത്. മതിൽ തകർന്നു തരിപ്പണമാകുകയും അതിലൂടെ സൗദിയുടെ വൈവിധ്യമാർന്ന കാഴ്ചകളിലേക്ക് പ്രേക്ഷകർ എത്തുകയും ചെയ്യുന്നു. മരുഭൂമി മാത്രമല്ല, കാഴ്ചകളുടെ ഒട്ടേറെ വിസ്മയങ്ങൾ ഈ രാജ്യത്തുണ്ടെന്നും  വീഡിയോ വിളിച്ചുപറയുന്നു. ചെങ്കടൽ മുതൽ അസീറിലെ പച്ചപ്പ് നിറഞ്ഞ പർവതങ്ങളും മഞ്ഞ് മൂടിയ തബൂക്കും, തീരദേശ നഗരമായ ജിദ്ദയും തിരക്കേറിയ തലസ്ഥാനമായ റിയാദും

അധികമായി ഒന്നും സംഭവിക്കുന്നില്ല എന്നെഴുതിയ മതിലിലേക്കാണ് രണ്ടാമത് മെസി പന്ത് അടിച്ചു കയറ്റുന്നത്. മതിൽ തകർന്നുവീഴുമ്പോൾ സൗദിയിൽ സംഭവിച്ച മാറ്റങ്ങൾ പ്രേക്ഷകർക്ക് കാണാനാകും. സൗദിയിൽ നടക്കുന്ന വിവിധ സ്‌പോർട്‌സ്, സാംസ്‌കാരിക ഇവന്റുകളുടെ ദൃശ്യങ്ങളാണ് ഈ ഭാഗത്തുള്ളത്. 

അടച്ചിട്ട സംസ്‌കാരം എന്ന മതിലിലേക്ക് മെസി പന്തടിച്ചു കയറ്റുന്നു. മതിൽ പൊളിയുന്നതിലൂടെ സൗദിയുടെ സമ്പന്നമായ സംസ്‌കാരം ലോകത്തിന് കാണാനാകുന്നു. ആളുകളുടെ കൂടിച്ചേരൽ, സംസ്‌കാരങ്ങളുടെ കൈമാറ്റമെല്ലാം ഇതിൽ പ്രധാനമായും കാണിക്കുന്നു.

പെൺകുട്ടികൾക്ക് പറ്റില്ല എന്ന മതിലാണ് മെസി അവസാനം പന്തിലൂടെ അടിച്ചുപൊളിക്കുന്നത്. സൗദി വനിതകൾ ബഹിരാകാശത്തോളം നേടിയ നേട്ടങ്ങളാണ് ഈ സെക്ഷനിലുള്ളത്. നിങ്ങൾ ചിന്തിക്കുന്നതിനുമപ്പുറം പോകുക എന്ന വാചകത്തിലൂടെ വീഡിയോ അവസാനിക്കുന്നു. സൗദി വനിതാ ദേശീയ ഫുട്‌ബോൾ ടീം, മോട്ടോർ സ്‌പോർട്‌സ് അത്‌ലറ്റ് ഡാനിയ അക്കീൽ, ഡിജെ കോസ്മിക്കാറ്റ്, ബഹിരാകാശത്തെത്തിയ ആദ്യ സൗദി വനിത റയ്‌യാന ബർനാവി തുടങ്ങിയ സൗദിയുടെ സാംസ്‌കാരിക പരിവർത്തനത്തിന് നേതൃത്വം നൽകിയ സൗദി വനിതകളെയും ഈ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. 


യൂറോപ്പ്, ഇന്ത്യ, ചൈന എന്നിവിടങ്ങളിലെ പ്രധാന വിപണികളെയാണ് മെസ്സിയിലൂടെ സൗദി ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. നിങ്ങൾ ചിന്തിക്കുന്നതിനപ്പുറം പോകുക ക്യാംപയിൻ, സൗദി അറേബ്യയെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകളെ ഇല്ലാതാക്കാനും സൗദിയുടെ ഊർജ്ജസ്വലമായ സാംസ്‌കാരിക പരിവർത്തനം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ച വീഡിയോ സൗദി അറേബ്യയുടെ വൈവിധ്യമാർന്ന അനുഭവങ്ങൾ കണ്ടെത്താനും മികച്ച ഓർമ്മകൾ പങ്കിടാനും പ്രേക്ഷകരെ ക്ഷണിക്കുന്നു. മൂന്ന് മാസം നീണ്ടുനിൽക്കുന്ന ക്യാംപയിനാണ് ടൂറിസം വകുപ്പ് നടത്തുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News