ഫലസ്തീന് ധനസഹായം നല്‍കുന്ന യു. എന്‍ ഏജന്‍സിക്ക് യു. എസിന് പിന്നാലെ നാലു രാജ്യങ്ങള്‍ കൂടി സഹായം നിര്‍ത്തി

ന്യൂയോര്‍ക്ക്- ഇസ്രായില്‍ തെളിവ് നല്‍കിയതിനെ തുടര്‍ന്ന് ഫലസ്തീന് സഹായം നല്‍കുന്ന യു. എന്‍ ഏജന്‍സിക്കുള്ള ധനസഹായം നിര്‍ത്തലാക്കിയ അമേരിക്കയ്ക്ക് പിന്തുണ നല്‍കി നാല് രാജ്യങ്ങള്‍ കൂടി. യു. കെ, ഇറ്റലി, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് യു. എന്‍ ഫലസ്തീന്‍ ഏജന്‍സിക്കുള്ള ധനസഹായം പിന്‍വലിക്കുന്നതില്‍ യു. എസിന് പിന്തുണ നല്‍കിയത്. 

ഒക്ടോബര്‍ ഏഴിന് ഇസ്രായിലിനെതിരെ ഹമാസ് നടത്തിയ നീക്കത്തില്‍ ചില ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് ഫലസ്തീന്‍ ഏജന്‍സിക്കുള്ള യു. എന്‍. സഹായം യു. എസ് നിര്‍ത്തലാക്കിയത്. 

യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റഫ്യൂജീസ് (യു. എന്‍. ആര്‍. ഡബ്ല്യു. എ) എന്നറിയപ്പെടുന്ന യു. എന്‍ ഏജന്‍സിക്കുള്ള ധനസഹായം നിര്‍ത്താനുള്ള റോമിന്റെ തീരുമാനം ശനിയാഴ്ച ഇറ്റലിയുടെ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയാണ് സ്ഥിരീകരിച്ചത്.

കാന്‍ബെറയുടെ സാമ്പത്തിക സഹായം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന  പ്രസ്താവനയാണ് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗ് നടത്തിയത്. ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള യു. എന്‍. ഏജന്‍സിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രികൂട്ടിച്ചേര്‍ത്തു.

യു. എന്‍ ഏജന്‍സിയിലെ ചില ജീവനക്കാരുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നതില്‍ തനിക്ക് നല്ല വിഷമമുണ്ടെന്നും ഇസ്രായേലിനെതിരായ ഒക്ടോബര്‍ 7 ആക്രമണത്തെ കാനഡ അപലപിക്കുന്നതായും  കാനഡയുടെ അന്താരാഷ്ട്ര വികസന മന്ത്രി അഹമ്മദ് ഹുസെന്‍ സോഷ്യല്‍ മീഡിയയില്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ഒക്ടോബര്‍ 7ന് തെക്കന്‍ ഇസ്രായേലില്‍  ഇരച്ചുകയറി നടത്തിയ ആക്രമണത്തില്‍ യു. എന്‍. ഫലസ്തീന്‍ ഏജന്‍സിയുടെ 12 ജീവനക്കാര്‍ ഉള്‍പ്പെട്ടിരിക്കാമെന്നാണ് ഇസ്രായില്‍ തെളിവ് നല്‍കിയത്. ഇതോടെയാണ് യു. എന്‍ ഏജന്‍സിയുടെ ഏറ്റവും വലിയ ദാതാവായ യു. എസ് വെള്ളിയാഴ്ച ധനസഹായം നിര്‍ത്തിവച്ചത്. 

യുദ്ധാനന്തരം ഗാസയില്‍ യു. എന്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത് തടയാന്‍ തന്റെ രാജ്യം ശ്രമിക്കുമെന്ന് ശനിയാഴ്ച ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. ഹമാസിന്റെ സിവിലിയന്‍ ശാഖയായാണ് യു. എന്‍ ഏജന്‍സിയെ ഇസ്രായില്‍ വിശേഷിപ്പിക്കുന്നത്. 

ആരോപണത്തില്‍ ഉള്‍പ്പെട്ട തൊഴിലാളികളുടെ കരാര്‍ അവസാനിപ്പിച്ചതായും അതേക്കുറിച്ച്  അന്വേഷണം ആരംഭിച്ചതായും ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചു.

എന്നാല്‍ ഫണ്ട് നിര്‍ത്തിവെക്കാനുള്ള ചില രാജ്യങ്ങളുടെ തീരുമാനത്തെ ഫലസ്തീനും ഹമാസും വിമര്‍ശിച്ചു. ഫണ്ട് നല്‍കുന്നത് മരവിപ്പിച്ച നീക്കം ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയവും മാനുഷികവുമായ ദുരിതാശ്വാസ സഹായം തടയുന്നത് വലിയ അപകട സാധ്യതയാണെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഹുസൈന്‍ അല്‍ ശൈഖ് പറഞ്ഞു.

Latest News