ദുബായ്- ഇറാഖിൽ പശ്ചാത്യ ജനാധിപത്യം നടപ്പാക്കുന്നതിൽ അമേരിക്ക അമ്പേപരാജയപ്പെട്ടതായി ദുബായ് പോലീസ് ഉപമേധാവി ദാഹി ഖൽഫാൻ പറഞ്ഞു. സദ്ദാം ഭരണകൂടത്തെ തകർക്കാൻ ഇറാഖി പ്രതിപക്ഷമാണ് അമേരിക്കൻ സൈന്യത്തെ ഇറാഖിലേക്ക് ക്ഷണിച്ചുവരുത്തിയത്. അമേരിക്കൻ സൈനികരെ രാജ്യത്തേക്ക് വിളിച്ചുവരുത്തിയ അതേ ഗ്രൂപ്പുകൾ ഇന്ന് ഇറാഖിൽ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തുന്നു. മതഗ്രൂപ്പുകളുടെ അന്തരീക്ഷത്തിൽ പശ്ചാത്യ ജനാധിപത്യം ഇറാഖിൽ നടപ്പാക്കുന്നതിൽ പരാജയപ്പെട്ട അമേരിക്ക വൈകാതെ ഇറാഖ് വിടും. എന്നാൽ അമേരിക്കൻ സൈന്യത്തിന്റെ വിടവാങ്ങലിനു ശേഷം ഇറാഖിന്റെ ഭാവി അപകടങ്ങൾ നിറഞ്ഞതായിരിക്കുമെന്നും ദാഹി ഖൽഫാൻ പറഞ്ഞു.
ഇസ്രാലിയിന്റെ ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇറാന്റെ ചട്ടുകങ്ങളായ ശിയാ സായുധ ഗ്രൂപ്പുകൾ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇതിന് തിരിച്ചടിയായും അല്ലാതെയും ഇറാഖിൽ ശിയാ സായുധ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് അമേരിക്കയും ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇത് ഇറാഖ് ഗവൺമെന്റിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഈ പശ്ചാതലത്തിൽ അമേരിക്കൻ സൈന്യം രാജ്യം വിടണമെന്ന് ഇറാഖ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഇറാഖും അമേരിക്കയും ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.






