ഗ്യാൻവാപി പള്ളിക്ക് താഴെ വലിയ അമ്പലമുണ്ടായിരുന്നുവെന്ന് എ.എസ്.ഐ റിപ്പോർട്ട്- അവകാശവാദവുമായി ഹിന്ദു പക്ഷം

ന്യൂദൽഹി- ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിക്ക് താഴെ അമ്പലത്തിന്റെ അവശിഷ്ടങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന അവകാശവാദവുമായി ഹിന്ദു വിഭാഗം. ഉത്തർപ്രദേശിലെ വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരിക്കൽ ഒരു 'വലിയ ഹിന്ദു ക്ഷേത്രം' നിലനിന്നിരുന്നതായി എ.എസ്.ഐ റിപ്പോർട്ടിലുണ്ടെന്നാണ് ഹിന്ദുപക്ഷം അവകാശപ്പെട്ടു. നിലവിലുള്ള കെട്ടിടം നിർമ്മിക്കുന്നതിന് മുമ്പ് ഒരു ഇവിടെ വലിയ ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് എ.എസ്.ഐയുടെ നിർണായക കണ്ടെത്തലുണ്ടെന്ന് ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. മസ്ജിദിന്റെ പടിഞ്ഞാറൻ മതിൽ ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണെന്ന റിപ്പോർട്ടും അഭിഭാഷകൻ ഉദ്ധരിച്ചു. ദേവനാഗ്രി, തെലുങ്ക്, കന്നഡ ഭാഷകളിലായി 32 ഹിന്ദു ക്ഷേത്ര ലിഖിതങ്ങൾ തൂണുകളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്ര തൂണുകളിലെ ചിഹ്നങ്ങൾ മായ്ക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്ന് എ.എസ്.ഐ റിപ്പോർട്ട് ഉദ്ധരിച്ച് ജെയിൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജൂലൈ 21 ന് പുറപ്പെടുവിച്ച ജില്ലാ കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രത്തിന്റെ അസ്ഥിവാരത്തിൽ നിർമ്മിച്ചതാണോ എന്ന് നിർണ്ണയിക്കാൻ എ.എസ്.ഐ ശാസ്ത്രീയ സർവേ നടത്തിയത്. പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന് മുകളിൽ നിർമ്മിച്ചതാണെന്ന് ഹിന്ദു ഹർജിക്കാർ അവകാശപ്പെട്ടതിനെ തുടർന്നാണ് സർവേയ്ക്ക് ഉത്തരവിട്ടത്. ഡിസംബർ 18ന് മുദ്രവച്ച കവറിൽ എ.എസ്.ഐ സർവേ റിപ്പോർട്ട് ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്നു.
 

Latest News