Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജഗദീഷ് ഷെട്ടാർ വീണ്ടും കാവിയണിഞ്ഞു; ലോകസഭ പിടിക്കാൻ തീ പാറുന്ന നീക്കങ്ങൾ

ന്യൂഡൽഹി - ഇടവേളക്കുശേഷം വീണ്ടും കാവിയണിഞ്ഞ് കർണാടക മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിലെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട്‌ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ ഷെട്ടാർ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വീണ്ടും മാതൃസംഘടനയിലേക്കുതന്നെ തിരിച്ചെത്തിയത്. 
 കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ഹൂബ്ലി-ദർവാഡ് സെൻട്രലിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചുവെങ്കിലും ബി.ജെ.പിയുടെ മഹേഷ് തങ്കിനകയോട് 34,000-ത്തിൽപരം വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു ഷെട്ടാർ. തോറ്റെങ്കിലും ഷെട്ടാറുടെ വരവ് കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ പല സീറ്റുകളും പിടിച്ചെടുക്കാൻ നിർണായക സഹായമായിരുന്നു. പ്രത്യേകിച്ച് ഉത്തര കർണാടകയിൽ വളരെ സ്വാധീനമുള്ള ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള വോട്ടുകളെ സ്വാധീനിക്കാൻ ഷെട്ടാറിന് സാധിച്ചിരുന്നു.
  ഇന്ന് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിൽ നിന്നാണ് ജഗദീഷ് ഷട്ടാർ പാർട്ടി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗവും കർണാടക മുൻ മുഖ്യമന്ത്രിയുമായ വി.എസ് യെദ്യൂരപ്പ, പാർട്ടി കർണാടക സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
 മുൻ മുഖ്യമന്ത്രിയും ആറുതവണ ബി.ജെ.പി എം.എൽ.എയുമായ ഷെട്ടാർ വിവിധ വകുപ്പ് മന്ത്രിയായും സ്പീക്കറായുമെല്ലാം കർണാടക ബി.ജെ.പിയിൽ ഏറെ തിളങ്ങിയ നേതാവാണ്. 2023 ഏപ്രിൽ 16-നാണ് ബി.ജെ.പിയിൽ നിന്നും രാജിവച്ച് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. ഒരു വർഷം പൂർത്തിയാകും മുമ്പേ തന്നെ, ഷെട്ടാറിനെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാനായത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ.
 പാർട്ടി മുൻകാലങ്ങളിൽ ഒരുപാട് ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചുവെങ്കിലും ചില പ്രശ്‌നങ്ങൾ കാരണമാണ് കോൺഗ്രസിലേക്ക് പോയതെന്ന് ഷെട്ടാർ പ്രതികരിച്ചു. കഴിഞ്ഞ എട്ടൊമ്പത് മാസമായി ഒരുപാട് ചർച്ചകൾ നടന്നു. ബി.ജെ.പി പ്രവർത്തകരും പല നേതാക്കളും എന്നോട് തിരികെ വരാൻ ആവശ്യപ്പെട്ടു. യെദ്യൂരപ്പയും വിജയേന്ദ്രയും അടക്കം ഞാൻ ബി.ജെ.പിയിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചു. നരേന്ദ്ര മോഡി ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹത്തോടെയാണ് ഞാൻ വീണ്ടും ബി.ജെ.പി അംഗത്വം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അംഗത്വമെടുത്ത ശേഷം പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ചയും നടത്തി.
 ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികളായ തൃണമൂൽ കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും ഒറ്റയ്ക്ക് മത്സരിക്കാനുള്ള ഇരട്ട പ്രഹരത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ, കോൺഗ്രസ് ക്യാമ്പിൽ ചെറിയൊരു ഞെട്ടലുളവാക്കുന്നതാണ് ഷെട്ടറുടെ കാവി കൂടാരത്തിലേക്കുള്ള മടക്കം. എങ്കിലും കർണാടകയിൽ ചുരുങ്ങിയത് 20നും-25നും ഇടയിലുള്ള സീറ്റിൽ വിജയം കണ്ടെത്താനാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. 
 2019-ൽ കർണാകയിൽനിന്നും ലോകസഭയിലേക്ക് ഒരൊറ്റ സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായിരുന്നത്. ബാക്കി സീറ്റുകളെല്ലാം തൂത്തുവാരിയ ബി.ജെ.പി ഇത്തവണ സംസ്ഥാന ഭരണം നഷ്ടമായെങ്കിലും ലോകസഭാ സീറ്റിൽ താളം പിഴക്കാതിരിക്കാൻ കാലേക്കൂട്ടിയുള്ള കളിയുടെ തുടക്കം മാത്രമാണിപ്പോൾ കാഴ്ചവെച്ചതെന്നാണ് എൻ.ഡി.എ കേന്ദ്രങ്ങൾ പറയുന്നത്.

Latest News