ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗിലെ ടീനയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഗ്രേസ് ആന്റണി, കുമ്പളങ്ങി നൈറ്റ്‌സിലെ സിമിയിലെത്തിയപ്പോഴേയ്ക്കും ഇരുത്തം വന്ന അഭിനേത്രിയായിക്കഴിഞ്ഞിരുന്നു. തമാശയിലെ സഫിയയായും പ്രതി പൂവൻകോഴിയിലെ ഷീബയായും അപ്പനിലെ മോളിയായും സാജൻ ബേക്കറിയിലെ മേരിയായും കനകം കാമിനി കലഹത്തിലെ ഹരിപ്രിയയായും റോഷാക്കിലെ സുജാതയായും സാറ്റർഡെ നൈറ്റിലെ സൂസനായുമെല്ലാം വൈവിധ്യമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ഈ മുളംതുരുത്തുകാരിക്ക് കഴിഞ്ഞു. സിനിമാ ജീവിതത്തിലെ മനോഹരമായ യാത്രയിലാണ് താനെന്ന് ഗ്രേസും സമ്മതിക്കുന്നു. പുതുവർഷം സൗഭാഗ്യങ്ങളുടേതാകട്ടെയെന്ന് സ്വപ്‌നം കാണുന്ന ഗ്രേസിന്റെ പുതിയ ചിത്രം തിയേറ്ററിലെത്തിക്കഴിഞ്ഞു. മാത്രമല്ല, റാമിന്റെ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാനും കഴിഞ്ഞിരിക്കുന്നു. അഭിനയ രംഗത്തു മാത്രമല്ല, സിനിമയുടെ മറ്റു മേഖലയിലേയ്ക്കും കടക്കാനുള്ള അവസരവും ഈ അഭിനേത്രിക്ക് കൈവന്നിരിക്കുന്നു. മലൈക്കോട്ടൈ വാലിബനിൽ സൊണാലി കുൽക്കർണിക്ക് ശബ്ദം നൽകിയതുവഴി ഡബ്ബിംഗ് രംഗത്തും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ് ഗ്രേസ് ആന്റണി. സിനിമയിലെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണിവിടെ.
?വിവേകാനന്ദൻ വൈറലാണ്
നാലര വർഷത്തെ ഇടവേളയ്ക്കുശേഷം കമൽ സാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ ആക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയോടെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. എറണാകുളത്ത് ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥനായ വിവേകാനന്ദൻ ആഴ്ചയിൽ ഒരിക്കൽ മാത്രമേ വീട്ടിലെത്തുന്നുള്ളൂ. മാന്യനും എല്ലാവർക്കും പ്രിയങ്കരനുമായ വിവേകാനന്ദന്റെ തനിസ്വരൂപം മറ്റൊന്നാണ്. വീട്ടിൽ ഭാര്യയായ സിതാരയും മകളുമുണ്ടെങ്കിലും ഓഫീസിലെത്തിയാൽ ഡയാന എന്ന കാമുകിയോടൊപ്പമാണ് അയാളുടെ സഞ്ചാരം. അബലയായ അമ്മയെയും മകളെയും സഹായിക്കാനായി അടുത്തുകൂടി ഡയാനയെ അടിമയാക്കുകയായിരുന്നു അയാൾ. വിവേകാനന്ദന്റെ വൈകൃതം സഹിക്കാൻ വയ്യാതായതോടെയാണ് സിതാര സുഹൃത്തായ ഐഷുവിനോട് സംഭവം വെളിപ്പെടുത്തുന്നത്. വ്‌ളോഗറായ ഐഷു അവളുടെ കൂട്ടിനെത്തുന്നതോടെ സംഭവം മാറിമറിയുന്നു. പുതിയ കാലത്തിന്റെ പ്രതിനിധിയായ ഐഷു തന്റേതായ മാർഗത്തിലൂടെ വിഷയം പുറംലോകത്തെത്തിക്കുന്നതോടെ വിവേകാനന്ദന്റെ ആദർശമുഖം അഴിഞ്ഞുവീഴുകയാണ്. വിവേകാനന്ദനായി ഷൈൻ ടോം ചാക്കോയെത്തുമ്പോൾ ആദർശ ഭാര്യയുടെ വേഷത്തിൽ സ്വാസികയെത്തുന്നു. ഡയാന എന്ന കാമുകിയുടെ വേഷത്തിലാണ് ഞാനെത്തുന്നത്.
?ചിത്രത്തിലേയ്ക്കുള്ള വഴി
അനുഭവ സമ്പത്തുള്ള ഒരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കുക എന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. ആ ആഗ്രഹമാണ് കമൽ സാറിന്റെ ചിത്രത്തിലൂടെ സാക്ഷാത്കരിച്ചത്. കമൽ സാർ തന്നെയാണ് എന്നെ വിളിച്ചതും കഥാപാത്രത്തെക്കുറിച്ച് പറഞ്ഞുതന്നതും. കഥ വായിച്ചപ്പോഴുണ്ടായ ആശയക്കുഴപ്പവും അദ്ദേഹം പരിഹരിച്ചു. അതോടെ ചിത്രത്തെ കൂടുതൽ ഇഷ്ടപ്പെട്ടുതുടങ്ങി. ചില കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കാറുണ്ട്. അത്തരം ഒരു കഥാപാത്രമാണ് ഡയാനയുടേത്. സീനിയർ സംവിധായകനെന്ന ഗൗരവമൊന്നും അദ്ദേഹത്തിൽനിന്നുണ്ടായിരുന്നില്ല. ഓരോ സീനിലുമുണ്ടായ സംശയങ്ങൾ അദ്ദേഹം അപ്പോൾതന്നെ പരിഹരിച്ചുതന്നു. ഒരു കഥാപാത്രത്തിന് എന്തൊക്കെയാണ് വേണ്ടത്, ആ കഥാപാത്രത്തിന് വേണ്ടി നമ്മൾ എന്തു ചെയ്യണം എന്നെല്ലാമുള്ള കാര്യങ്ങൾ അദ്ദേഹം പറഞ്ഞുതന്നിരുന്നു.
?കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന രീതി
അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളാണ് ഇതുവരെ അവതരിപ്പിച്ചതിൽ ഏറെയും. ഇത് മലയാള സിനിമ എനിക്കു തന്ന അംഗീകാരമാണെന്നു പറയാം. നല്ല തിരക്കഥകളാണ് എന്നെ തേടിയെത്തിയത്. നല്ല കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഇത്തരം അവസരങ്ങളാണ് ഭാഗ്യം കൊണ്ടുവരുന്നത്. യെസ് പറഞ്ഞതിനേക്കാൾ നോ എന്നു പറഞ്ഞ സിനിമകളാണ് കൂടുതലും. അതിൽ യാതൊരു വിഷമവുമില്ല. അഭിനയിച്ച ചിത്രങ്ങൾ പരാജയപ്പെട്ടാലും എന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ ഓർത്തിരിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് ഈയൊരു തെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.
?തമിഴിലെ അരങ്ങേറ്റം
ഓരോന്നിനും അതിന്റേതായ സമയമുണ്ട് എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. കുമ്പളങ്ങി നൈറ്റ്‌സ് കഴിഞ്ഞപ്പോൾ തമിഴിൽനിന്നും ഒരുപാട് ഓഫറുകൾ ലഭിച്ചിരുന്നു. എന്നാൽ അവയെല്ലാം കാര്യമായി ഒന്നും ചെയ്യനില്ലാത്ത വേഷങ്ങളായിരുന്നു. അന്യഭാഷയിൽ ആദ്യമായി അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ മികച്ചതാകണമെന്ന ചിന്തയുമുണ്ടായിരുന്നു. പേരൻപിന്റെ സംവിധായകനായ റാം സാറിന്റെ ക്ഷണം ലഭിച്ചപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ തമിഴിൽ തുടക്കം കുറിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നത്. നിവിൻ പോളിയാണ് ഇതിനുള്ള അവസരം ഒരുക്കിയത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. നായകനായെത്തുന്നത് മിർച്ചി ശിവയാണ്. കോമഡിക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത് 80 ദിവസംകൊണ്ടാണ്. നന്നായി കഠിനാദ്ധ്വാനം ചെയ്താണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.
?ഡബ്ബിംഗ്
അപ്രതീക്ഷിതമായി ലഭിച്ച അവസരമായിരുന്നു അത്. മലൈക്കോട്ടൈ വാലിബനിൽ നായികയായ സൊണാലി കുൽക്കർണിക്ക് ശബ്ദം നൽകാനുള്ള അവസരം വന്നുചേരുകയായിരുന്നു. ആദ്യമായാണ് മറ്റൊരാൾക്കുവേണ്ടി ശബ്ദം നൽകുന്നത്. അതൊരു പുതിയ അനുഭവമായിരുന്നു. ഈ അംഗീകാരത്തെ ഒരു ഭാഗ്യമായാണ് കാണുന്നത്.
?പുതിയ സിനിമകൾ
പോയ വർഷം വലിയ ചലനങ്ങളൊന്നുമുണ്ടാക്കാതെയാണ് കടന്നുപോയത്. കഴിഞ്ഞ വർഷം അഭിനയിച്ച നാലു ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങുന്നത്. ജിത്തു ജോസഫ് സാർ സംവിധാനം ചെയ്യുന്ന ബേസിൽ ജോസഫ് നായകനാകുന്ന 'നുണക്കുഴി'യാണ് അവയിലൊന്ന്. ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന 'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്നതാണ് മറ്റൊന്ന്. ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിൽ ഇന്ദു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കൂടാതെ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന 'മധുവിധു' എന്ന വെബ് സീരീസിലും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
?സിനിമ എന്തു പഠിപ്പിച്ചു
എനിക്ക് ജീവിതം തന്നെയാണ് സിനിമ. കാലടി സംസ്‌കൃത സർവകലാശാലയിലെ ഭരതനാട്യം ബിരുദപഠനകാലം തൊട്ടേ സിനിമ ഒരു സ്വപ്‌നമായി എന്നോടൊപ്പമുണ്ടായിരുന്നു. സിനിമയിലെത്തിയപ്പോഴാകട്ടെ പുതിയ സിനിമകളെക്കുറിച്ചും സിനിമയിൽ എനിക്കെന്ത് ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചായി ചിന്ത. നല്ല സിനിമകളിൽ അഭിനയിച്ചെങ്കിൽ മാത്രമേ നിലനിൽപുള്ളൂ എന്ന ചിന്തയാണ് മുന്നോട്ടു നയിക്കുന്നത്. സിനിമയല്ലാതെ മറ്റൊരു തൊഴിൽ എന്ന ചിന്ത ഇതുവരെയുണ്ടായിട്ടില്ല. സിനിമയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഇപ്പോഴും പഠിച്ചകൊണ്ടിരിക്കുകയാണ്. നല്ല മനുഷ്യരെ എങ്ങനെ തിരിച്ചറിയാമെന്നു പഠിച്ചത് സിനിമയിലെത്തിയതിനുശേഷമാണ്. വിജയത്തിൽ കൂടെ സന്തോഷിക്കാൻ നിരവധി പേരുണ്ടാകുമെങ്കിലും പരാജയത്തിൽ കൂടെ ആരുമുണ്ടാകില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു. മാത്രമല്ല, പഴയതിൽനിന്നും കുറേക്കൂടി ബോൾഡാകാൻ സിനിമയിലൂടെ കഴിഞ്ഞു.






