രംഗന്‍ എന്ന ഗുണ്ടയായി ഫഹദ്, ആവേശം വിതക്കാന്‍ ആവേശം വരുന്നു

പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച 'രോമാഞ്ചം' എന്ന ചിത്രത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന 'ആവേശം' എന്ന സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ നായകന്‍. രംഗന്‍ എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. താരത്തിന്റെ വ്യത്യസ്ത ഗെറ്റപ്പും മാനറിസങ്ങളും പ്രേക്ഷകരെ ആവേശത്തിലാക്കുന്നു.

ഒരു മിനുട്ട് 43 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്ന് ആവേശം, പക്കാ എന്റര്‍ടെയ്നറായിരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

ജിത്തുവിന്റെ ആദ്യ ചിത്രം 'രോമാഞ്ച'ത്തിനു സമാനമായി 'ആവേശ'ത്തിന്റെയും പശ്ചാത്തലം ബെംഗളൂരു തന്നെയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ ക്യാമറ ചലിപ്പിക്കുന്നു.

 

Latest News