വിവാഹ വീട്ടില്‍ കാട്ടാനയാക്രമണം; വയോധികന്‍ മരിച്ചു

ഇടുക്കി-മൂന്നാര്‍ ഗുണ്ടുമലക്ക് സമീപം തെന്മലയില്‍ കാട്ടാന ആക്രമണത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി പോള്‍രാജ്(73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.45ഓടെ തെന്മല ലോവറിലുള്ള ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ വിവാഹത്തോട് അനുബന്ധിച്ചുള്ള ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു പോള്‍രാജ്. ആഘോഷത്തില്‍ ഉച്ചത്തില്‍ പാട്ട് വച്ചിരുന്നു. ഇതിനാല്‍ തന്നെ ഒറ്റയാന്‍ എത്തിയത് പലരും അറിഞ്ഞില്ലെന്നാണ് സംശയിക്കുന്നത്. മറ്റുള്ളവര്‍ ആനയെ കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യത്താല്‍ പോള്‍രാജിന് വേഗത്തില്‍ ഓടിമാറാനായില്ലെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഈ സ്ഥലത്തിന് സമീപം റിസര്‍വ് ഫോറസ്റ്റാണ്. ഇവിടെ ദിവസങ്ങളായി ഒറ്റയാന്‍ കറങ്ങി നടക്കുന്നതായും വിവരമുണ്ടായിരുന്നു. ഈ ആനയാണ് ആക്രമണം നടത്തിയതെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം. വനം- പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Latest News