ദോഹ- ഖത്തറിൽ നടക്കുന്ന പതിനെട്ടാമത് എ.എഫ്.സി ഏഷ്യൻ കപ്പിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അപെക്‌സ് ബോഡിയായ ഇന്ത്യൻ കൾച്ചറൽ സെന്ററുമായി ചേർന്ന് കത്താറ കൾച്ചറൽ വില്ലേജ് സംഘടിപ്പിച്ച ടീം ഇന്ത്യ ഫാഷൻ ഷോ ശ്രദ്ധേയമായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിമനോഹരമായ വസ്ത്രങ്ങൾ പ്രദർശിപ്പിച്ച അത്ഭുതകരമായ മോഡലുകൾ ഫാഷൻ ഷോ കാണാനെത്തിയവരുടെ മനം കവർന്നു. 
സ്വദേശികളും വിദേശികളുമടങ്ങുന്ന വലിയ ജനക്കൂട്ടമാണ് ഫാഷൻ ഷോ കാണാനെത്തിയത്. വൈവിധ്യമാർന്ന വസ്ത്രങ്ങളിലൂടെ അവതരിപ്പിച്ച ചടുലവും സമ്പന്നവും സാംസ്‌കാരികവുമായ പൈതൃകങ്ങൾ ഫാഷൻ ഷോയെ ജനകീയമാക്കി. ഇന്ത്യൻ കൾച്ചറൽ സെന്ററിലെ കൾച്ചറൽ മേധാവി സുമ മഹേഷ് ഗൗഡയാണ് ഫാഷൻ ഷോ കോർഡിനേറ്റ് ചെയ്തത്.
 

	
	




