മോഡിയുടെ ചിത്രം എല്ലാ പമ്പുകളിലും പ്രദര്‍ശിപ്പിക്കണം; എണ്ണക്കമ്പനികളുടെ സമ്മര്‍ദ്ദമെന്ന് ഡീലര്‍മാര്‍

മുംബൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം എല്ലാ പെട്രോള്‍ പമ്പുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ തിട്ടൂരമിറക്കിയതായി ഇന്ധന ഡീലര്‍മാര്‍. പെട്രോള്‍ പമ്പുകള്‍ നടത്തുന്ന ഡീലര്‍മാര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍) എന്നീ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പമ്പുകളില്‍ മോഡിയുടെ വലിയ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഡീലര്‍മാര്‍ ആരോപിക്കുന്നു. ഇതിനു വിസമ്മതിക്കുന്നവര്‍ക്കുള്ള ഇന്ധന വിതരണം മുടക്കുമെന്നാണ് ഭീഷണി. ഇതില്‍ പ്രതിഷേധിക്കുന്നവരേയും വിസമ്മതിക്കുന്നവരേയും കമ്പനികള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് പമ്പ് ഉടമകളുടെ കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് പ്രസിഡന്റ് എസ്.എസ് ഗോഗി പറഞ്ഞതായും ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു.

റീട്ടെയ്ല്‍ കേന്ദ്രങ്ങളായി പെട്രോള്‍ പമ്പുകളില്‍ സന്ദര്‍ശനത്തിനെത്തുന്ന എണ്ണക്കമ്പനികളുടെ അതതു പ്രദേശങ്ങളിലെ മാനേജര്‍മാര്‍, സെയില്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ മുഖേനയാണ് ഈ അറിയിപ്പ് വാക്കാല്‍ ലഭിച്ചിരിക്കുന്നതെന്നും ഡീലര്‍മാര്‍ പറയുന്നു. രേഖാമൂലം ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്ക് എല്‍.പി.ജി കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ പരസ്യം മോഡിയുടെ ചിത്രം സഹിതം നല്‍കണമെന്നാണ് കമ്പനികളുടെ നിര്‍ദേശങ്ങളിലൊന്ന്.

നേരത്തെ പെട്രോള്‍ പമ്പുകളിലെ ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ കൈമാറണമെന്ന കമ്പനികളുടെ ആവശ്യത്തേയും ഡീലര്‍മാര്‍ നിരാകരിച്ചിരുന്നു. തങ്ങളുടെ ജീവനക്കാരെ മതത്തിന്റേയും ജാതിയുടേയും പേരില്‍ വര്‍ഗീകരണം നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണിതെന്നായിരുന്നു ഡീലര്‍മാരുടെ സംഘടനയുടെ നിലപാട്. ജീവനക്കാരുടെ മതം, ജാതി, മണ്ഡലം തുടങ്ങിയ സ്വകാര്യമായ വ്യക്തി വിവരങ്ങള്‍ ജൂണ്‍ ആദ്യം വാരം നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാരിന്റെ ഈ വിവര ശേഖരണം സ്വകാര്യതയുടെ ലംഘനമാണ്. ഇതിനെതിരെ ഞങ്ങള്‍ കോടതിയെ സമീപിക്കും-ഗോഗി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഗോവ തെരഞ്ഞെടുപ്പിനിടെ പെട്രോള്‍ പമ്പുകളില്‍ മോഡിയുടെ ചിത്രസഹിതമുള്ള ഹോര്‍ഡിങുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഉത്തരാഖണ്ഡില്‍ പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്ക് എണ്ണക്കമ്പനികള്‍ മോദിയുടെ ചിത്രം പതിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതും വിവാദമായിരുന്നു.
 

Latest News