മൂത്ത മകനെ സ്‌കൂളിലേക്ക് കൊണ്ടുപോകവേ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഇളയ സഹോദരന് ദാരുണാന്ത്യം

തിരുവനന്തപുരം - ബൈക്കിന് പിന്നിൽ ലോറിയിടിച്ച് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. പത്തനംതിട്ട പോലിസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിജിയുടെ മൂന്നുവയസ്സുള്ള മകൻ ആരിഷാണ് മരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷന് സമീപം അമിത വേഗത്തിൽ വന്ന ടോറസ് ലോറി ബൈക്കിന്റെ പിന്നിലിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒൻപതരയോടെ മൂത്ത മകനെ സ്‌കൂളിലേക്ക് കൊണ്ടുപോകവേയാണ് അപകടം.
  മൂന്നു വയസ്സുകാരൻ ആരിഷ് ടോറസിനടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. അമ്മ രേഷ്‌മെക്കൊപ്പം ആറു വയസ്സുകാരൻ ആരോണും അനിയൻ ആരിഷും അപ്പൂപ്പൻ ഓടിച്ച ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യുകയായിരുന്നു.
ലോറിയുടെ ടയർ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. തെറിച്ചുവീണ സഹോദരൻ ആരോൺ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്റ്റീഫനും രേഷ്മക്കും പരുക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 അപകടത്തിനുശേഷം ഇറങ്ങിയോടിയ ലോറി ഡ്രൈവർ തമിഴ്‌നാട് മേൽപ്പുറം സ്വദേശി രാധാകൃഷ്ണനെ നാട്ടുകാർ ഓടിച്ച് പിടികൂടി പോലീസിനെ ഏൽപ്പിച്ചു. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു. 


 

Latest News