ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പോലീസ് തടഞ്ഞു, രാഹുലും പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

ദിസ്പൂര്‍ (ആസം)- ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ അസം പൊലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് സംഭവ സ്ഥലത്ത് പ്രതിഷേധം നടക്കുകയാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കുമെന്ന് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പോലീസ് തടയുകയായിരുന്നുവെന്നാണ് ആരോപണം. ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ഭക്തനാണ് രാഹുല്‍ ഗാന്ധിയെന്നും എന്താണ് കടത്തിവിടാത്തതെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എം പി പൊലീസുകാരോട് ചോദിച്ചെങ്കിലും വൈകിട്ട് സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയതെന്നാണ് ക്ഷേത്രം അധികൃതര്‍ നല്‍കിയ വിശദീകരണം. അനുമതിയുണ്ടായിട്ടും എന്തിനാണ് തന്നെ തടയുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരോട് രാഹുലും ചോദിച്ചു. സന്ദര്‍ശനത്തിന് ക്ഷണം ലഭിച്ചിട്ടും കടത്തിവിടുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് രാഹുലിന് മൂന്ന് മണിക്ക് സന്ദര്‍ശനം അനുവദിക്കാമെന്നാണ് ക്ഷേത്രസമിതി ഇന്നലെ അറിയിച്ചതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ തടഞ്ഞതിനെതുടര്‍ന്ന് സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.

Latest News