പൂജാരിയാകാനൊരുങ്ങി പ്രധാനമന്ത്രി, തയാറെടുപ്പുകള്‍ തകൃതി

അയോധ്യ- രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് എല്ലാ ഒരുക്കങ്ങളും അന്തിമ ഘട്ടത്തിലേക്ക്. പൂജാരിയായി മാറാന്‍ ഒരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ചെന്നൈ-ധനുഷ്‌കോടിയിലെ അരിച്ചാല്‍ മുനമ്പില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. ലങ്കയിലേക്ക് നിര്‍മ്മിച്ച രാമസേതുവിന്റെ ആരംഭം അരിച്ചാല്‍ മുനമ്പില്‍ നിന്നുമാണെന്നാണ് ഹൈന്ദവ വിശ്വാസം.
രാമക്ഷേത്രത്തിന് ശിലയിട്ടത് നരേന്ദ്രമോഡിയാണ്. ഇപ്പോള്‍ പ്രതിഷ്ഠ നടത്തുന്നതും അതിന്റെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതും അദ്ദേഹം തന്നെ. ഇതിനെതിരെ ശങ്കരാചാര്യന്മാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ അതിലൊന്നും കുലുങ്ങാതെ മുന്നോട്ടു നീങ്ങുകയാണ് സംഘ് പരിവാര്‍.
ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി വ്രതത്തിലാണെന്നാണ് സംഘ് അനുകൂല മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്ത. പ്രതിഷ്ഠ ചടങ്ങിനുള്ള തയാറെടുപ്പാണാതി. രാവിലെ പ്രധാനമന്ത്രി കോതണ്ഡരാമ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അരിച്ചാല്‍ മുനമ്പില്‍ എത്തിയത്. താമരയുള്‍പ്പെടെ ഏഴോളം പുഷ്പങ്ങളും തുളസിയും കൊണ്ടായിരുന്നു അദ്ദേഹം പുഷ്പാര്‍ച്ചന നടത്തിയത്. രാമായണത്തില്‍ ഏറെ പ്രാധാന്യം ഉള്ള സ്ഥലമാണ് അരിച്ചാല്‍ മുനമ്പ്.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നിര്‍വ്വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. ഇതിന്റെ ഭാഗമായി കഠിന വ്രതത്തിലാണ് അദ്ദേഹം. ഇതിനോട് അനുബന്ധിച്ച് രാമായണവുമായി ബന്ധപ്പെട്ടുള്ള ക്ഷേത്രങ്ങളിലും അദ്ദേഹം ദര്‍ശനം നടത്തുന്നുണ്ട്. നേരത്തെ ഗുരുവായൂര്‍, തൃപ്രയാര്‍ എന്നീ ക്ഷേത്രങ്ങളില്‍ എത്തി പ്രധാനമന്ത്രി തൊഴുതിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിവിധ ക്ഷേത്രങ്ങല്‍ ദര്‍ശനം നടത്താനാണ് അദ്ദേഹം തമിഴ്‌നാട്ടില്‍ എത്തിയത്. കഴിഞ്ഞ ദിവസം ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

 

Latest News