ഇന്ന് ലെനിന്റെ ചരമശതാബ്ദി
ജിദ്ദ- വ്‌ളാദിമിര്‍ ഇല്ലിച്ച് ലെനിന്റെ നൂറാം ചരമവാര്‍ഷികമാണ് ഇന്ന് ( ജനുവരി 21). സോവ്യറ്റ് യൂണിയനെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തിയ ഈ മഹാന്റെ ചരമശതാബ്ദി സോഷ്യലിസ്റ്റ് ചിന്തകളോട് ആഭിമുഖ്യമുള്ളവരും അല്ലാത്തവരും ആഘോഷിക്കുകയും അദ്ദേഹം നല്‍കിയ അമൂല്യ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്യുമ്പോള്‍ തന്റെ തത്ത്വശാസ്ത്രത്തിനേറ്റ അപചയങ്ങളറിയാതെ ആ കമ്യൂണിസ്റ്റ് രാഷ്ട്രശില്‍പിയുടെ ജഡം 'ലെനിന്‍ മുസ്സോളിയ'ത്തില്‍ ശീതസുഷുപ്തിയില്‍.
ലെനിന്‍ എന്ന പേരുള്ളവര്‍ കേരളത്തിലേറെയുണ്ട്. പഴയ തലമുറയിലെ കമ്യൂണിസ്റ്റ് കുടുംബങ്ങളില്‍ വിപ്ലവമനസ്സുള്ള അച്ഛനമ്മമാര്‍ മക്കള്‍ക്ക് ലെനിന്‍ എന്ന് നാമകരണം നല്‍കിയത് ആദരപൂര്‍വമായിരിക്കണം. ലെനിന്‍ രാജേന്ദ്രനേയും എറണാകുളത്തെ സി.പി.ഐ നേതാവ് കെ.പി, ലെനിനേയും ഇവിടെയോർക്കാം. ജുബൈലിലെ കണ്‍സ്ട്രക് ഷന്‍ കമ്പനിയില്‍ ജോലി നോക്കുന്ന തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.ടി. ലെനിന്‍ദാസ്, തന്റെ പേരില്‍ അഭിമാനം കൊള്ളുന്നയാളാണ്.
അച്ഛന്‍ പരേതനായ പി.ടി രാഘവന്‍ പഴയ തലമുറയിലെ സി.പി.എം പ്രവര്‍ത്തകനും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു. അച്ഛനാണ് മൂത്ത മകനായ എനിക്ക് ലെനിന്‍ എന്ന പേര് വിളിച്ചത്. അനിയന് സ്റ്റാലിന്‍ എന്നാണ് പേരിട്ടത്. സ്റ്റാലിന്‍ ഇപ്പോള്‍ അബുദാബിയിലാണ്. ലെനിന്‍ എന്ന പേരുള്ള രണ്ടു പേര്‍ അനിയന്റെ സുഹൃത്തുക്കളും സഖാക്കളുമായി അവിടെയുണ്ട് - ലെനിന്‍ ദാസ് പറഞ്ഞു. ചരിത്രത്തില്‍ ലെനിന്റെ ബദ്ധവൈരിയായിരുന്നു സ്റ്റാലിന്‍ എങ്കിലും ഞങ്ങള്‍ക്കിടയില്‍ നല്ല സാഹോദര്യമാണ് നിലനില്‍ക്കുന്നതെന്നും ലെനിന്‍ദാസിന്റെ നര്‍മോക്തി.
ലെനിന്റെ ചിന്തകളില്‍ ഹരം കൊണ്ട യൂഗോസ്ലോവ്യന്‍ നേതാവ് മാര്‍ഷല്‍ ടിറ്റോയുടെ പേരുള്ള രണ്ടു പേര്‍ സൗദിയിലുണ്ട്- ജിദ്ദയില്‍ നവോദയയുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന എറണാകുളം കോതമംഗലം നെല്ലിക്കുഴി സ്വദേശി ടിറ്റോ. മുഴുവന്‍ പേര് ടിറ്റോ മീരാന്‍. ജിദ്ദയിലും ദമാമിലും പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി ടിറ്റോ ജോയിക്കുട്ടിയാണ് മറ്റൊരാള്‍. ആലപ്പുഴക്കാരന്‍ ടിറ്റോയുടെ പിതാവ് ജോയിക്കുട്ടി ജോസ് ജില്ലയിലെ പ്രമുഖ സി.പി.ഐ നേതാവാണ്. ദമാം നവയുഗം പ്രവര്‍ത്തകനായിരുന്നു ടിറ്റോ.
ലെനിന്റെയും സ്റ്റാലിന്റേയും ടിറ്റോയുടേയും പിന്‍ഗാമിയായ സോവ്യറ്റ് യൂണിയന്‍ പ്രസിഡന്റും പാര്‍ട്ടി സെക്രട്ടറിയുമായ ലിയോനിഡ് ബ്രഷ്‌നേവിന്റെ പേരുള്ള ഒരാള്‍ ജിദ്ദയിലുണ്ട്. തൃശൂര്‍ ചാവക്കാട് സ്വദേശിയായ ബ്രഷ്‌നേവ്, ജിദ്ദയിലെ 'കെറി' കമ്പനിയുടെ പ്ലാനിംഗ് മാനേജരാണ്. അമ്മാവനും യു.എ.ഇയിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ചന്ദ്രബോസാണ് മരുമകന് ബ്രഷ്‌നേവിന്റെ പേരിട്ടത്. ലെനിനെക്കുറിച്ച് ലോകോത്തര കവിതയെഴുതിയ ബെര്‍ടോള്‍ഡ് ബ്രെഹ്തിന്റെ പേരാണ്, ജിദ്ദാ പ്രവാസിയായ ബ്രഷ്‌നേവ് ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ തന്റെ മകന് നല്‍കിയിട്ടുള്ളത്.