ജയറാമിനെ ചരിത്രനേട്ടത്തിലേക്ക്  കൈപ്പിടിച്ച് കയറ്റി മമ്മൂട്ടി 

പെരുമ്പാവൂര്‍- മിഥുന്‍ മാനുവല്‍ തോമസ് ചിത്രമായ എബ്രഹാം ഓസ്ലറിലൂടെ തന്റെ കരിയറിലെ ആദ്യത്തെ 30 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കി ജയറാം. കുടുംബപ്രേക്ഷകരുടെ പ്രിയനായകനെന്ന വിളിപ്പേരുണ്ടെങ്കിലും ബോക്സോഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സമീപകാലത്തൊന്നും ജയറാമിനായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും വലിയൊരു വിജയം ജയറാം മലയാളസിനിമയില്‍ സ്വന്തമാക്കുന്നത്. അതേസമയം സിനിമയുടെ വിജയത്തില്‍ മെഗാതാരം മമ്മൂട്ടിയുടെ സാന്നിധ്യവും നിര്‍ണായകമായിരുന്നു. മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ടുകൂടിയാണ് ചിത്രം വമ്പന്‍ വിജയത്തിലേയ്ക്ക് നീങ്ങിയതെന്നാണ് ആരാധകരും വ്യക്തമാക്കുന്നത്. മമ്മൂട്ടി ജയറാമിനെ ബോക്സോഫീസിന്റെ ചരിത്രനേട്ടത്തിലേയ്ക്ക് കൈപ്പിടിച്ച് കയറ്റിയെന്നാണ് ആരാധകര്‍ ഈ വിജയത്തെ വിശേഷിപ്പിക്കുന്നത്. ജനുവരി 11ന് തിയേറ്ററുകളിലെത്തിയ ചിത്രം രണ്ടാഴ്ച പിന്നിടുമ്പോഴും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. വാരാന്ത്യത്തില്‍ മികച്ച ബുക്കിങ്ങാണ് സിനിമയ്ക്കുള്ളത്.


 

Latest News