ശബരിമലയില്‍ വരുമാനം 357.47 കോടി രൂപ

തിരുവനന്തപുരം- ശബരിമല മണ്ഡല- മകരവിളക്ക് സീസണില്‍ 2023- 24 വര്‍ഷം ലഭിച്ച വരുമാനം 357.47 കോടി രൂപയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. 
കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം 10.35 കോടിയുടെ വര്‍ധനയാണുണ്ടായത്. 

അരവണ വില്‍പനയിലൂടെ 146,99,37,700 രൂപയും അപ്പം വില്‍പനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തില്‍ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് അറിയിച്ചു.

ഭക്തരുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനയുണ്ടായി. 50 ലക്ഷം ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഇത് 44 ലക്ഷമായിരുന്നു. ആറു ലക്ഷത്തോളം ഭക്തരാണ് ഇത്തവണ അധികമെത്തിയത്. 

ഇത്തവണത്തെ മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴു മാസം മുന്‍പെ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിലും വിവിധ യോഗങ്ങള്‍ നടത്തി പുരോഗതി വിലയിരുത്തി. എല്ലാ വകുപ്പുകളുടെയും ഏകോപനം കൂടി ആയപ്പോള്‍ ഇത്തവണത്തെ തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

Latest News