ഇന്‍തിഫാദ പ്രതീകം അല്‍ദുറയുടെ സഹോദരനും രക്തസാക്ഷിയായി

2000 സെപ്റ്റംബര്‍ 30 ന് ഇസ്രായില്‍ സൈന്യത്തിന്റെ വെടിയേറ്റ് മുഹമ്മദ് അല്‍ദുറ പിതാവ് ജമാല്‍ അല്‍ദുറയുടെ കാലുകളില്‍ ചേതനയറ്റ് വീണുകിടക്കുന്നു (ഫയല്‍).

ഗാസ - ഫലസ്തീനിലെ രണ്ടാം ഇന്‍തിഫാദയുടെ പ്രതീകമായി മാറിയ ഫലസ്തീന്‍ ബാലന്‍ മുഹമ്മദ് അല്‍ദുറയുടെ സഹോദരന്‍ അഹ്മദ് അല്‍ദുറക്കും ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ രക്തസാക്ഷിത്വം. ഇരുപത്തിനാലു വര്‍ഷം മുമ്പാണ് ഇസ്രായില്‍ സൈന്യം പിഞ്ചുബാലനായിരുന്ന മുഹമ്മദ് അല്‍ദുറയെ മനഃപൂര്‍വം വെടിവെച്ചുകൊന്നത്. ഇത് ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഗാസയിലെ അല്‍ബരൈജ് അഭയാര്‍ഥി ക്യാമ്പില്‍ ജമാല്‍ അല്‍ദുറയുടെ കുടുംബ വീടിനു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തിലാണ് അഹ്മദ് അല്‍ദുറ വീരമൃത്യുവരിച്ചത്. ജമാല്‍ അല്‍ദുറയുടെ സഹോദരന്മാരായ നാഇലും ഇയാദും മറ്റേതാനും കുടുംബാംഗങ്ങളും മൂന്നു മാസം മുമ്പ് ഗാസ യുദ്ധത്തിന്റെ തുടക്കത്തില്‍ കുടുംബ വീടിനു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ നിരായുധരായ മുഹമ്മദ് അല്‍ദുറയും പിതാവും തെരുവിലെ വീപ്പക്കു പിറകില്‍ ഒളിക്കാന്‍ ശ്രമിക്കുകയും മകന്റെ കുഞ്ഞുശരീരം സയണിസ്റ്റ് സൈനികരുടെ തോക്കുകളില്‍ നിന്ന് മറച്ചുപിടിക്കാന്‍ പിതാവ് ജമാല്‍ അല്‍ദുറ കിണഞ്ഞുശ്രമിക്കുകയും ചെയ്‌തെങ്കിലും ഭയചകിതനായി പിതാവിന്റെ ശരീരത്തില്‍ ഒട്ടിപ്പിടിച്ചു നിന്ന മുഹമ്മദ് അല്‍ദുറ ഇസ്രായില്‍ സൈന്യത്തിന്റെ വെടിയേറ്റ് പിതാവിന്റെ മടിയിലേക്ക് ചേതനയറ്റു വീഴുകയായിരുന്നു.

2000 സെപ്റ്റംബര്‍ 30 ന് ആണ് മുഹമ്മദ് അല്‍ദുറ വീരമൃത്യുവരിച്ചത്. ഫലസ്തീനിലെങ്ങും പ്രതിഷേധം ആളിപ്പടരുന്നതിലേക്ക് നയിച്ച രണ്ടാമത് ഇന്‍തിഫാദ പൊട്ടിപ്പുറപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഗാസയില്‍ മുഹമ്മദ് അല്‍ദുറയെ ഇസ്രായില്‍ സൈന്യം നിഷ്‌കരുണം വെടിവെച്ചു കൊന്നത്.  
ഫലസ്തീന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഇസ്രായിലി സൈനികരും തമ്മിലുണ്ടായ വെടിവെപ്പിനിടെ പന്ത്രണ്ടുകാരനായ മുഹമ്മദ് അല്‍ദുറയും പിതാവ് ജമാല്‍ അല്‍ദുറയും സിമന്റ് വീപ്പക്കു പിന്നില്‍ അഭയം പ്രാപിക്കുന്നതിന്റെയും ബാലന്‍ പേടിച്ചരണ്ട് കരയുന്നതിന്റെയും വെടിവെപ്പ് നിര്‍ത്താന്‍ ജമാല്‍ അല്‍ദുറ അപേക്ഷിക്കുന്നതിന്റെയും വെടിയേറ്റ് പിതാവിന്റെ കാലുകളില്‍ മുഹമ്മദ് അല്‍ദുറ ചേതനയറ്റു വീണുകിടക്കുന്നതിന്റെയും ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഫ്രാന്‍സ് 2 ചാനല്‍ റിപ്പോര്‍ട്ടര്‍ ചാള്‍സ് എന്‍ഡര്‍ലിന്‍ ചിത്രീകരിച്ചിരുന്നു. മുഹമ്മദ് അല്‍ദുറയുടെ വീരമൃത്യു ലോകമെങ്ങും കടുത്ത രോഷം ഉയര്‍ത്തി. ഫലസ്തീന്‍ പ്രക്ഷോഭത്തിന്റെ പ്രതീകമായും പ്രക്ഷോഭത്തിന്റെ തുടര്‍ച്ചക്കുള്ള ഇന്ധനമായും ഈ ദൃശ്യം മാറി. ആഗോള തലത്തില്‍ വര്‍ധിച്ചുവന്ന കടുത്ത രോഷം സംഭവത്തില്‍ മാപ്പ് പറയാന്‍ ഇസ്രായിലിനെ പ്രേരിപ്പിച്ചു. എന്നാല്‍ പിന്നീട് സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇസ്രായില്‍ വാദിച്ചു. ഇസ്രായില്‍ സൈന്യത്തിന്റെ വെടിയേറ്റാണ് മുഹമ്മദ് അല്‍ദുറ കൊല്ലപ്പെട്ടതെന്ന റിപ്പോര്‍ട്ടുകളില്‍ ഇസ്രായില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

സാനിയ മിര്‍സ ശുഐബിനെ ഖുല്‍ഇലൂടെ ഒഴിവാക്കിയിരുന്നു; സ്ഥിരീകരിച്ച് പിതാവ്

സ്‌കൂളിലെത്തിയ മന്ത്രിക്ക് സല്യൂട്ട് നല്‍കിയത് മകന്‍, ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

VIDEO രാമഭജനക്കൊപ്പം നൃത്തം ചെയ്ത് അധ്യാപികയും വിദ്യാര്‍ഥികളും; വീഡിയോ വൈറലായി

 

Latest News