ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങള്‍, രണ്ട് നീതി

 

കേരളത്തെ നടുക്കിയ രണ്ടു കൊലപാതകങ്ങളാണ് 2021 ഡിസംബറിലെ 18,19 തീയതികളില്‍ നടന്നത്. പ്രത്യേകിച്ച് സംഘര്‍ഷ സാഹചര്യമൊന്നുമില്ലാതിരുന്ന ഡിസംബര്‍ 18ന് രാത്രിയിലാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാന്‍ മണ്ണഞ്ചേരിയില്‍ നടുറോഡില്‍ വെട്ടേറ്റു മരിക്കുന്നത്. രാത്രി ഒമ്പതുമണിയോടടുത്ത സമയത്ത് തന്റെ പിഞ്ചുകുഞ്ഞുങ്ങള്‍ക്കുള്ള മിഠായിപ്പൊതിയുമായി ബൈക്കില്‍ പോകുമ്പോള്‍ വീടിന് വിളിപ്പാട് അകലെ വച്ചാണ് ഒരു സംഘമാളുകള്‍ കാറിലെത്തി ബൈക്കിടിച്ചിട്ടിട്ട് വെട്ടിയും കുത്തിയും ഷാനെ കൊലപ്പെടുത്തിയത്.
തൊട്ടടുത്തദിവസം രാവിലെ ഉറക്കമുണര്‍ന്നെണീറ്റുവന്ന ബി.ജെ.പി നേതാവും അഭിഭാഷകനുമായ അഡ്വ. രഞ്ജിത് ശ്രീനിവാസന്‍ വീട്ടിനുള്ളില്‍ പ്രായമായ അമ്മയുടെയും മകളുടെയും ഭാര്യയുടെയും മുന്നില്‍ തിരിച്ചറിയാനാകാത്തവിധം വെട്ടേറ്റ് വീണു.
ആലപ്പുഴയിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്ന രണ്ട് അഭിഭാഷകരാണ് കൊലക്കത്തിക്കിരയായി പിടഞ്ഞുമരിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് പോലിസിന്റെ അനാസ്ഥയും സൂക്ഷ്മതക്കുറവുമാണ് ഇരട്ട കൊലപാതകങ്ങളിലേക്ക് എത്തിയതെന്ന് തുടക്കത്തിലേ ആക്ഷേപമുയര്‍ന്നിരുന്നു. അതിന് പത്തുമാസം മുമ്പ് വയലാറിലുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതികാരം തീര്‍ക്കലായിരുന്നു ഷാനെ വധത്തിന് പിന്നിലെന്ന് പോലിസ് നിരീക്ഷിച്ചു. എന്നാല്‍, തിരിച്ചടിയുണ്ടാകുമെന്നതുകണ്ട് മുന്‍ കരുതലെടുക്കുന്നതില്‍ പോലിസിന് കനത്ത വീഴ്ചയാണ് സംഭവിച്ചത്. അതാണ് രഞ്ജിത്തിന്റെ വധത്തിന് കാരണമായത്.
കൊലപാതകത്തിനുശേഷവും പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് കടുത്ത വീഴ്ചയും നീതി നിഷേധവുമാണ് അരങ്ങേറിയത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും കേസിലെ പ്രതികളെ സംബന്ധിച്ച് വ്യകതമായ ധാരണ ഉണ്ടാവുകയും ചെയ്തിട്ടും ഇരു കേസുകളോടും രണ്ടുതരത്തിലുള്ള സമീപനമാണ് പോലിസ് സ്വീകരിച്ചത്. കെ.എസ് ഷാന്‍ വധക്കേസില്‍ 13 പ്രതികളെയാണ് പിടികൂടിയത്. ഇവരാകട്ടെ സര്‍വസ്വതന്ത്രരായി നാട്ടില്‍ നടക്കുന്നു. അതേസമയം രഞ്ജിത് ശ്രീനിവാസ് വധക്കേസുമായി ബന്ധപ്പെട്ട് പിടികൂടിയ 15 പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കണ്ട് കോടതി വിധി പറഞ്ഞിരിക്കുന്നു. ഇനി ശിക്ഷാവിധി മാത്രമാണ് വരാനുള്ളത്. രഞ്ജിത് കേസില്‍ മാത്രം കൃത്യമായ അന്വേഷണവും തുടര്‍ നടപടികളും പ്രോസിക്യൂട്ടറെ നിയമിക്കലുമെല്ലാം നടന്നു. അപ്പോഴും ആദ്യം നടന്ന ഷാന്‍ വധക്കേസ് പ്രതികളായ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അവരുടെ ജോലികളില്‍ മുഴുകുകയും പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നു. കേസില്‍ പ്രോസിക്യൂട്ടറെ നിയമിക്കുകപോലും ചെയ്യാതെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് പ്രോസിക്യട്ടറെ നിയമിച്ചത്. രണ്ടാമത്തെ സംഭവത്തെത്തുടര്‍ന്നുണ്ടായ കേസില്‍ നീതി നടപ്പാകുമ്പോള്‍ ഇതിനു കാരണമായ ആദ്യസംഭവത്തില്‍ നീതി അകലെയാകുന്നു.
ഒരു കേസിലെ കുറ്റവാളികളെന്ന് പറയുന്നവര്‍ ജയിലില്‍ ശിക്ഷാവിധി കാത്ത് കഴിയുമ്പോള്‍ തന്റെ മകനെ വധിച്ചവര്‍ പുറത്ത് വിഹരിക്കുകയാണെന്ന് ഷാന്റെ പിതാവ് സലിം പറയുന്നു. കഷ്ടപ്പെട്ട് ഷാന്റെ മക്കളടങ്ങുന്ന കുടുംബത്തെ പോറ്റുന്ന തനിക്ക് നീതി ലഭിക്കണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒരേ സംഭവത്തില്‍ ഇരട്ടനീതി പുലരുമ്പോള്‍ അത് ജനാധിപത്യ വ്യവസ്ഥിതിയോടുള്ള ബഹുമാന നഷ്ടത്തിന് കാരണമാകും. ഷാനെ വധിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നെങ്കിലും അന്വേഷണത്തില്‍ പോലിസിന്റെ വീഴ്ച പ്രകടമായിരുന്നു. ഷാന്‍ വധക്കേസുമായി ബന്ധപ്പെട്ട് മറ്റൊരു കൊലപാതക്കേസിലെ പ്രതിയടക്കം 13 പേരെ പിടികൂടിയെങ്കിലും എല്ലാവര്‍ക്കും കുറഞ്ഞ ദിവസംകൊണ്ടുതന്നെ ജാമ്യം ലഭിക്കുന്ന സ്ഥിതിയുണ്ടായി.
രഞ്ജിത് ശ്രീനിവാസന്‍ വധക്കേസുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ കേന്ദ്രങ്ങളിലടക്കം വ്യാപക റെയ്ഡും നേതാക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്യലുമൊക്കെ നടന്നെങ്കിലും ഷാന്‍ വധവുമായി ബന്ധപ്പെട്ട് അത്രയധികം ആവേശം പോലിസിന്റെ ഭാഗത്തുനിന്നുണ്ടായില്ലത്രെ. ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ ഗൂഢാലോചനയുണ്ടായെന്ന് മറുഭാഗത്തുനിന്നുള്ള ആരോപണം ഉടലെടുത്തിട്ടും അത്തരത്തിലുള്ള സൂക്ഷ്മമായ അന്വേഷണത്തിലേക്ക് പോലിസ് പോകാഞ്ഞത് വിമര്‍ശത്തിന് കാരണമായിട്ടുണ്ട്. ഒരേ സ്വഭാവത്തിലുള്ള രണ്ടു കേസില്‍ രണ്ട് സമീപനമാണ് പോലിസും സര്‍ക്കാരും കൈക്കൊണ്ടതെന്നത് വ്യക്തമാണ്. ഈ ഇരട്ടനീതി അസഹിഷ്ണുത വര്‍ധിപ്പിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Latest News