Sorry, you need to enable JavaScript to visit this website.

ബാബരി മസ്ജിദ് ഹിന്ദുക്കൾക്ക് തുറന്നു നൽകിയതിന് ഉത്തരവാദി രാജീവ് ഗാന്ധിയല്ല; അരുൺ നെഹ്‌റുവും കോൺഗ്രസുമെന്ന് മണി ശങ്കർ അയ്യർ

-  ബാബരി മസ്ജിദ് നിലനിർത്തിക്കൊണ്ടുതന്നെ ക്ഷേത്രം പണിയണമെന്നായിരുന്നു രാജീവ് ഗാന്ധിയുടെ ഉള്ളിലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണി ശങ്കർ അയ്യർ

ന്യൂഡൽഹി - അയോധ്യയിലുണ്ടായിരുന്ന ബാബരി മസ്ജിദിന്റെ കവാടങ്ങൾ ഹിന്ദുക്കൾക്ക് തുറന്നു നല്കിയതിന്റെ ഉത്തരവാദി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണി ശങ്കർ അയ്യർ. അതിന്റെ ഉത്തരവാദി കോൺഗ്രസാണെന്നും ബി.ജെ.പി നട്ടുവളർത്തിയ അരുൺ നെഹ്‌റുവാണ് അതിനു പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ദ രാജീവ് ഐ ന്യൂ ആൻഡ് വൈ ഹി വാസ് ഇന്ത്യാസ് മോസ്റ്റ് മിസ് അണ്ടർസ്റ്റുഡ് പ്രൈംമിനിസ്റ്റർ' എന്ന തന്റെ പുസ്തക പ്രകാശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  എഴുത്തുകാരനും കോളമിസ്റ്റും ജനതാദൾ നേതാവുമായിരുന്ന അരുൺ നെഹ്‌റു, കോൺഗ്രസ് ടിക്കറ്റിൽ റായ്ബറേലിയിൽ നിന്ന് എം.പിയായ വ്യക്തിയാണ്. പിന്നീട് അദ്ദേഹം ബി.ജെ.പിയിൽ ചേർന്ന് ഹിന്ദുത്വ അജണ്ടക്ക് സഹായം ചെയ്യുകയായിരുന്നു.
  1986-ൽ ലോക്‌സഭയിൽ നാനൂറിലേറെ സീറ്റുണ്ടായിരുന്ന രാജീവ് ഗാന്ധിക്ക് മുസ്‌ലിംകളെ പ്രീണിപ്പിക്കേണ്ട കാര്യമോ ഹിന്ദു വികാരം മുതലെടുക്കേണ്ട സാഹചര്യമോ ഉണ്ടായിരുന്നില്ല. തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ചത് അരുൺ നെഹ്‌റുവാണ്. ലഖ്‌നോവിൽ പഠിച്ചയാളായതിനാൽ അവിടത്തെ പ്രാദേശികമായ ഈ പ്രശ്‌നം അരുൺ നെഹ്‌റുവിന്റെ ഉള്ളിലുണ്ടായിരുന്നു. പാർട്ടിയിലെ സ്വാധീനം ഉപയോഗിച്ചാണ് അരുൺ നെഹ്‌റു വീർ ബഹാദൂർ സിങ്ങിനെ മുഖ്യമന്ത്രിയാക്കിയത്. തുടർന്ന് വീർ ബഹാദൂർ സിങ് ആദ്യം ചെയ്തത് അയോധ്യയിലെത്തി വി.എച്ച്.പി നേതാവ് ദേവകി നന്ദൻ അഗർവാളിനെ കാണുകയായിരുന്നു. അഗർവാൾ നല്കിയ നിവേദനത്തെ തുടർന്നാണ് ബാബരി മസ്ജിദിലെ പൂട്ടു തുറന്നത്.
1986 ഫെബ്രുവരി ഒന്നിന് ഫൈസാബാദിലെ ജില്ലാ സെഷൻസ് ജഡ്ജിയുടെ മുമ്പാകെ വിഷയം വന്നപ്പോൾ പൂട്ടുകൾ ആവശ്യമില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റും സീനിയർ പോലീസ് സൂപ്രണ്ടും സ്ഥിരീകരിച്ചു. പൂട്ട് തുറന്നപ്പോൾ മനപൂർവം തടിച്ചുകൂടിയ ഹിന്ദു സന്യാസികൾ അകത്തേക്ക് കയറി. രാജീവ് ഗാന്ധിക്ക് അതൊന്നും അറിയില്ലായിരുന്നു. രാജീവ് ഗാന്ധി അറിഞ്ഞാൽ സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ ഇതെല്ലാം മറച്ചുവച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ബാബരി മസ്ജിദ് നിലനിർത്തിക്കൊണ്ടുതന്നെ ക്ഷേത്രം പണിയണമെന്നായിരുന്നു രാജീവ് ഗാന്ധിയുടെ ഉള്ളിലുണ്ടായിരുന്നത്. നരസിംഹ റാവുവിന്റെ സ്ഥാനത്ത് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ബാബരി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു. ജനുവരി 22-ലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് തീരുമാനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.  
 എൻ.ഡി.എ പരാജയപ്പെട്ട ശേഷം 10 വർഷം കോൺഗ്രസ് ഭരണമായിരുന്നു. അതിന്റെ അവസാനത്തിൽ കാര്യങ്ങൾ വളരെ മോശമായിരുന്നു. തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്ത ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നതിന്റെ ഫലമായാണ് ആ ശൂന്യതയിലേക്ക് നരേന്ദ്ര മോഡിയുടെ ബി.ജെ.പി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News