Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയുടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ 65 ശതമാനം വളർച്ച

ജിദ്ദ - ആറു വർഷത്തിനിടെ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനം 65 ശതമാനം തോതിൽ വർധിച്ചതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. 2016 ൽ മൊത്തം ആഭ്യന്തരോൽപാദനം 2.49 ട്രില്യൺ റിയാലായിരുന്നു. 2022 ൽ ഇത് 4.15 ട്രില്യൺ റിയാലായി ഉയർന്നു. പൊതുധനകാര്യം, വരുമാനം എന്നിവയോടുള്ള സൗദി അറേബ്യയുടെ സമീപനം വ്യക്തമാണെന്നും പൊതുധനകാര്യങ്ങളോടുള്ള സമീപനത്തിലും വരുമാനം പ്രവചിക്കുന്നതിലും ഞങ്ങൾ യാഥാസ്ഥിതികമായ ശൈലിയാണ് സ്വീകരിക്കുന്നതെന്നും 'സൗദി അറേബ്യയും ഭാവിയിലേക്കുള്ള പാതയും' എന്ന ശീർഷകത്തിൽ ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ സംഘടിപ്പിച്ച സെഷനിൽ പങ്കെടുത്ത് ധനമന്ത്രി പറഞ്ഞു. 
കഴിഞ്ഞ ഏഴു വർഷമായി, പൊതുധനകാര്യം കൂടുതൽ കാര്യക്ഷമമായും കുറഞ്ഞ കമ്മിയിലും കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പെടുത്താൻ സൗദി അറേബ്യക്ക് കഴിഞ്ഞു. എണ്ണയിതര മൊത്തം ആഭ്യന്തരോൽപാദനത്തിന് ഊന്നൽ നൽകുന്നതോനുബന്ധിച്ച് വിനോദസഞ്ചാരം, വിനോദം, സംസ്‌കാരം, കായികം തുടങ്ങിയ പുതിയ സാമ്പത്തിക മേഖലകളിൽ നിലവിൽ സൗദി അറേബ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. സൗദി സമ്പദ്‌വ്യവസ്ഥയുടെ 35 ശതമാനം മാത്രമാണ് ഇപ്പോൾ എണ്ണ മേഖലയുടെ സംഭാവന. നേരത്തെ ഇത് 70 ശതമാനമായിരുന്നു. 
ആഗോള തലത്തിലെ ആഘാതങ്ങൾക്കിടയിലും സൗദി സമ്പദ്‌വ്യവസ്ഥയെ കുറിച്ച വീക്ഷണം പോസിറ്റീവ് ആണ്. ആഗോള ആഘാതങ്ങളെ നേരിടാനും കൈകാര്യം ചെയ്യാനും സാധിക്കുന്ന വഴക്കമുള്ള സമ്പദ്‌വ്യവസ്ഥയാണ് സൗദിയിലെത്. സാമ്പത്തിക പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകാൻ സൗദി അറേബ്യക്ക് നിശ്ചയദാർഢ്യമുണ്ട്. ശക്തമായ സൗദി അറേബ്യ ലോകത്തിന് ആവശ്യമാണ്. ഈ ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾ ദൃഢനിശ്ചയത്തിലാണ്. സാമ്പത്തികാഭിവൃദ്ധി കൈവരിക്കാൻ മേഖലയിൽ സംഘർഷം ലഘൂകരിക്കാൻ എല്ലാവരും പ്രവർത്തിക്കണം. സൗദി അറേബ്യ ശക്തമല്ലെങ്കിൽ മേഖലയെ വേണ്ട രീതിയിൽ സഹായിക്കാൻ രാജ്യത്തിന് കഴിയില്ല. ജിയോപൊളിറ്റിക്കൽ വെല്ലുവിളികളും കാലാവസ്ഥാ വ്യതിയാനവും സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 
കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 1.1 കോടി ബാരൽ എണ്ണ തോതിൽ സൗദി അറേബ്യ ഉൽപാദിപ്പിച്ചു. എണ്ണ വില 17 ശതമാനം തോതിൽ കുറക്കുകയും ചെയ്തു. ഏഴു വർഷത്തിനിടെ സൗദിയിൽ സ്വകാര്യ മേഖല ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലം മാത്രം സ്വകാര്യ മേഖല എട്ടു ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ ലഭ്യമാക്കി. ഏഴു വർഷമായി തൊഴിലില്ലായ്മ നിരക്ക് തുടർച്ചയായി കുറഞ്ഞുവരികയാണ്. തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിൽ സ്വകാര്യ മേഖലക്ക് വലിയ പങ്കുണ്ട്. തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം 36 ശതമാനത്തിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിഷൻ 2030 ലക്ഷ്യങ്ങൾ ഇതിനകം മറികടക്കാൻ സാധിച്ചതായും ധനമന്ത്രി പറഞ്ഞു.

Latest News