അന്നപൂരണി വിവാദത്തില്‍ മാപ്പുപറഞ്ഞ്  നയന്‍താര, താന്‍ തികഞ്ഞ ശ്രീരാമഭക്ത 

ചെന്നൈ-നെറ്റ്ഫ്ളിക്സ് ചിത്രമായ അന്നപൂരണിയില്‍ ശ്രീരാമനെ അപഹസിക്കുന്ന പരാമര്‍ശമുണ്ടെന്ന വിവാദത്തില്‍ സിനിമയിലെ നായിക നയന്‍താര മാപ്പുപറഞ്ഞു. ജയ്ശ്രീറാം എന്ന തലക്കെട്ടില്‍ എക്സില്‍ നല്‍കിയ പോസ്റ്റില്‍, വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂര്‍വമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നയന്‍താര പറഞ്ഞു. സംഭവം വിവാദമായതോടെ നെറ്റ്ഫ്‌ളിക്സ് ചിത്രം പിന്‍വലിച്ചിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നയന്‍താര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസുണ്ട്. സിനിമ ഡിസംബറിലാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പൂജാരിയുടെ മകള്‍ മാംസാഹാരം കഴിക്കുന്നതും നമസ്‌കാരിക്കുന്നതുമായ രംഗങ്ങളും ഈ സിനിമയിലുണ്ട്. ഇതെല്ലാം ഹിന്ദുത്വ വാദികളെ പ്രകോപിപ്പിച്ചു. ഈ സാഹചര്യത്തില്‍ വിവാദമായപ്പോഴാണ് ഈ മാസം  പ്രമുഖ ഒ.ടി.ടി പ്ലാറ്റുഫോമായ നെറ്റ്ഫ്ളിക്സ് സിനിമ പിന്‍വലിച്ചത്. നിര്‍മാതാക്കളും ഖേദം പ്രകടിപ്പിച്ചിരുന്നു. മുംബൈ, ഭോപാല്‍ പോലീസ് സ്‌റ്റേഷനുകളിലും നയന്‍താരയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. തെന്നിന്ത്യയിലെ താര റാണിയാണ് മലയാളിയായ നയന്‍താര ഇപ്പോള്‍. തെലുങ്ക് സിനിമയിലെ സുപ്രധാന സാന്നിധ്യമാണ്. ടോളിവുഡിലാണെങ്കില്‍ ദൈവവും ഭക്തിയുമെല്ലാം കൂടിക്കലര്‍ന്ന സിനിമകളാണ് മെഗാ ഹിറ്റുകളായി മാറുന്നത്. ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ കൂടിയാണ് നയന്‍സ്. 

Latest News