വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ കണ്ണൂരില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം

വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും എങ്ങനെ കണ്ടെത്താമെന്ന് പഠിപ്പിക്കാന്‍ കണ്ണൂരില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസ്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മൂഹ മാധ്യമങ്ങളെല്ലാം വ്യാജ വര്‍ത്തകളാല്‍ നിറഞ്ഞിരിക്കെ, വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ സഹായകമാകുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
 
40 മിനിറ്റ് ക്ലാസ് ഇംഗ്ലീഷിലും മലയാളത്തിലുമുണ്ട്. ജില്ലയിലെ 600 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 150 എണ്ണത്തില്‍ ഇതിനകം ക്ലാസുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു.
 
വ്യാജ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ എങ്ങനെ കണ്ടെത്താമെന്ന് കാണിക്കുന്ന സ്ലൈഡുകള്‍ ഉപയോഗിച്ചാണ് ക്ലാസ്. വാട്‌സ് ആപ്പില്‍ ലഭിക്കുന്ന ഏതു സന്ദേശവും വീണ്ടും പരിശോധിച്ചു മാത്രമേ വിശ്വസിക്കാവൂ എന്ന് അധ്യാപകര്‍ ഉണര്‍ത്തുന്നു.
 
പ്രകൃതി ദുരന്തങ്ങളെ കുറിച്ച് വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ഏതു മുന്നറിയിപ്പും വിശ്വസിക്കരുതെന്നാണ് മറ്റൊരു നിര്‍ദേശം.
 
കുട്ടികളുടെ രക്ഷിതാക്കളില്‍ ബഹുഭൂരിഭാഗവും സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന എന്തും വിശ്വസിക്കുന്നവരാണെന്ന നിഗമനത്തിലാണ് വിദ്യാര്‍ഥികളെ ബോധവല്‍കരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 2.4 ലക്ഷത്തോളം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ തടയാന്‍ കാരണം രക്ഷിതാക്കള്‍ വ്യാജ വാര്‍ത്തകളും വിശകലനങ്ങളും വിശ്വസിച്ചതിനാലാണെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

Latest News