തന്റെ ചിത്രങ്ങളോ വിഡിയോകളോ കാണുമ്പോള്‍ അശ്ലീല കമന്റ് ഇടുന്നവരുണ്ട്., അവരോട് ഇതാണ് പറയാനുള്ളതെന്ന് നടി ഹണി റോസ്

തന്റെ ചിത്രങ്ങളോ വിഡിയോകളോ കാണുമ്പോള്‍ അതില്‍ അശ്ലീല കമന്റ് ഇടുന്നവര്‍ പരിധി കടക്കുകയാണെങ്കില്‍ നിയമപരായി നേരിടുമെന്ന് നടി 
ഹണി റോസ്. അശ്ലീല കമന്റിന് താഴെ പോയോ പോസ്റ്റിട്ടോ പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. അതൊക്കെ ഒഴിവാക്കി കളയാറാണ് പതിവ്. ഫേക്ക് ഐഡിയില്‍ നിന്നാണ് പലരും കമന്റ് ഇടുന്നത്. അവരുടെയൊക്കെ അശ്ലീല കമന്റുകള്‍ക്ക് മറുപടി പറയാന്‍ പോയാല്‍ അതിനു മാത്രമേ സമയമുണ്ടാകുവെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹണി റോസ് പറഞ്ഞു. 
ഉദ്ഘാടനങ്ങള്‍ തനിക്ക്  ഏറെ ഇഷ്ടപ്പെട്ട കാര്യമാണെന്നും ഹണി റോസ് അഭിമുഖത്തില്‍ പറയുന്നു. ഉദ്ഘാടനങ്ങള്‍ കിട്ടിയതോടെ എന്നും ആളുകള്‍ നമ്മളെ കാണാന്‍ തുടങ്ങി. ദിവസവും ഒരേ ലുക്കാണെങ്കില്‍ ആളുകള്‍ക്ക് മടുക്കും. അതുകൊണ്ടാണ് എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. അങ്ങനെയുള്ള പരീക്ഷണത്തിലാണ് ഇപ്പോള്‍ ലുക്ക് മാറ്റിയത്. ഇനി എന്തായാലും കുറച്ചുകാലം ഈ ലുക്കില്‍ തുടരാം.

തന്റെ പുതിയ ചിത്രം പങ്കുവെച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിറയെ ട്രോളുകള്‍ വരുന്നുണ്ട്. കിലുക്കത്തിലെ ജഗതി ചേട്ടനെപോലെയുണ്ട്, മദാമ്മ എന്നെല്ലാം പറഞ്ഞാണ് ട്രോളുകള്‍. അതെല്ലാം ഞാന്‍ നല്ല രീതിയില്‍ ആസ്വദിക്കുന്നുണ്ട്. എന്ത് നല്ല ക്രിയാത്മകമായിട്ടാണ് അവര്‍ ട്രോള്‍ ചെയ്യുന്നത്. ട്രോള്‍ കണ്ടപ്പോഴാണ് അതൊക്കെ ശരിയാണല്ലോ എന്ന് എനിക്കും തോന്നിയത്. രസകരമായ ട്രോളൊക്കെ ഒരു പരിധിവരെ ഞാന്‍ ആസ്വദിക്കാറുണ്ടെന്നും ഹണി റോസ് പറയുന്നു.

സാരിയിലാണ് തന്നെ കാണാന്‍ ഭംഗിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. സാരി ഇഷ്ടമാണെങ്കിലും അത്ര കംഫര്‍ട്ട് അല്ല. പുറത്തൊക്കെ പോകുമ്പോള്‍ സാരി മാനേജ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഗൗണ്‍ ധരിക്കുമ്പോഴാണ് എനിക്ക് കംഫര്‍ട്ട് കിട്ടുന്നത്. ഏറ്റവും ഇഷ്ടമുള്ള വസ്ത്രവും അതുതന്നെ. സ്‌റ്റൈലിഷ് വെസ്റ്റേണ്‍ വസ്ത്രങ്ങളൊക്കെ ട്രൈ ചെയ്യണമെന്നാഗ്രഹമുണ്ടെങ്കിലും അതിന് ഇവിടെ ഓപ്ഷനുകള്‍ കുറവാണെന്നും ഹണി റോസ് പറയുന്നു.

 

 

Latest News