തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്രം കേരളത്തില്‍ രാഷ്ട്രീയപ്രേരിത അന്വേഷണം നടത്തുന്നുവെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം - സി പി എം നേതാക്കള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെയുമുളള അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരം അന്വേഷണങ്ങളെ ഭയക്കുന്നില്ല. അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇ ഡിയും സി ബി ഐയും അന്വേഷണത്തിന് വരുന്നത്. സി പി എം നേതാക്കളെയും ബന്ധുക്കളെയും ലക്ഷ്യമിടുന്നു. സി പി എമ്മിന് ഭരണമുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെതിരെയാണ് ഇ ഡിയും കേന്ദ്ര കമ്പനിവകുപ്പും തിരിഞ്ഞിട്ടുള്ളത്. കിഫ്ബിക്കും തോമസ് ഐസക്കിനും എതിരെ ഇ ഡി നടത്തുന്ന നീക്കങ്ങളും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര കമ്പനിവകുപ്പ് പ്രഖ്യാപിച്ച അന്വേഷണവും കരുവന്നൂര്‍ വിഷയത്തില്‍ മന്ത്രി പി  രാജീവിനെതിരെയുള്ള ഇ ഡി നീക്കവും ഇതിന്റെ ഭാഗമാണ്. പ്രതിപക്ഷമുക്ത ഭാരതം എന്ന  ലക്ഷ്യം നേടാന്‍ ബി ജെ പിയും കേന്ദ്ര സര്‍ക്കാരും നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് കേരളത്തിലെ സി പി എം നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണം . ഇതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

 

Latest News