മോഡി മമ്മൂട്ടിയ്ക്ക് അക്ഷതം  നല്‍കിയോ, ചര്‍ച്ച അവസാനിക്കുന്നില്ല 

കൊച്ചി-പ്രധാന മന്ത്രി മോഡി എത്തിയ ചടങ്ങില്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ എങ്ങിനെ പെരുമാറിയെന്നത് സമൂഹ മാധ്യമത്തില്‍ കൊണ്ടു പിടിച്ച ചര്‍ച്ചയായിരുന്നു. സിനിമയിലെ ഇന്നസെന്റ് മട്ടില്‍ കൈ കെട്ടി നിന്ന ഇക്കയോട് ഒരു പത്മ ചാന്‍സ് നഷ്ടപ്പെടുത്തിയല്ലോയെന്ന് വിലപിച്ചവരുണ്ട്. അതേസമയം മമ്മൂട്ടി കൈ കൂപ്പി നില്‍ക്കുന്ന ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മോഹന്‍ലാല്‍ സുരക്ഷ പരിശോധന ഇല്ലാതെ കടന്നെത്തിയപ്പോള്‍ മമ്മൂട്ടിയെ പരിശോധിക്കുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലെത്തി. 
മോഡിയില്‍ നിന്ന് മമ്മൂട്ടി അക്ഷതം വാങ്ങിയോ എന്നതാണ് സംശയത്തോടെ പ്രചരിപ്പിക്കപ്പെട്ട മറ്റൊന്ന്.
അയോധ്യയില്‍ പൂജിച്ച അക്ഷതം പ്രധാനമന്ത്രി നരേന്ദ്ര മോഡി സിനിമാ താരങ്ങള്‍ക്ക് നല്‍കിയിരുന്നു. . നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് മോഡി മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്ക് അക്ഷതം നല്‍കിയത്. വര്‍ണക്കടലാസുകൊണ്ടുള്ള പൊതിയും മധുരവുമാണ് മോഡിയുടെ അംഗരക്ഷകരുടെ കൈയില്‍ ഉണ്ടായിരുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മോഡി ഓരോരുത്തരെയായി പരിചയപ്പെടുന്ന സമയത്ത് ഈ പൊതിയും മധുരവും നല്‍കി. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, ഖുശ്ബു എന്നീ താരങ്ങള്‍ക്കും മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര എന്നിവര്‍ക്കും മോഡി ഈ പൊതികളും മധുരവും നല്‍കുന്നത് വീഡിയോയില്‍ കാണാം. ഈ പൊതിയില്‍ ആയിരുന്നു അക്ഷതമെന്നാണ് സൂചന. പൊതി വാങ്ങിയ പലര്‍ക്കും അത് അക്ഷതമാണെന്ന കാര്യം അറിയില്ലായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. താലിക്കെട്ട് ചടങ്ങിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് വധൂവരന്‍മാര്‍ക്ക് ഹാരം എടുത്തു നല്‍കിയത്. വധൂവരന്‍മാര്‍ക്കും മോഡി അക്ഷതം നല്‍കി.

ഈ വാർത്ത കൂടി വായിക്കാം

സൗദിയിലെ ഭൂരിഭാഗം സി.ഇ.ഒമാരും വലിയ ആശങ്കയിലാണ്; സര്‍വേ ഫലം

Latest News