വിക്രം നായകനാവുന്ന തങ്കലാൻ റിലീസ് തിയതി നീട്ടി. നേരത്തെ ജനുവരി 26ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഏപ്രിലിൽ തീയറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ സാമൂഹിക മാധ്യങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിനുപുറമെ, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരേ സമയം റിലീസ് ചെയ്യും.
വിക്രമും പാ രഞ്ജിത്തും ആദ്യമായി ഒരുമിക്കുന്ന ചിത്രമായതിനാൽ തങ്കലാന്റെ പ്രഖ്യാപനം മുതലേ ആരാധകർ കാത്തിരിപ്പിലാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന വിക്രമിന്റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കോളാറിലെ സ്വർണ ഖനികൾ പശ്ചാത്തലമായുള്ള തങ്കലാനിൽ മലയാളി താരങ്ങളായ പാർവതി തിരുവോത്തും, മാളവിക മോഹനുമാണ് നായികമാർ. പശുപതി, ഹരികൃഷ്ണൻ, അമ്പുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരും വേഷമിടുന്നു. സംവിധായകൻ പാ രഞ്ജിത്തും, തമിഴ് പ്രഭുവും ചേർന്നാണ് തിരക്കഥ തയാറാക്കിയത്. സംഭാഷണം അഴകിയ പെരിയവൻ, ക്യാമറ എ. കിഷോർ, കലാസംവിധാനം എസ്.എസ്. മൂർത്തി. കെ.യു. ഉമാദേവി, അറിവ്, മൗനൻ യാത്രിഗൻ എന്നിവരുടെ വരികൾക്ക് ജി.വി. പ്രകാശ് കുമാർ സംഗീതം നൽകുന്നു.






