ഗാസ യുദ്ധം മേഖലയെ മുഴുവന്‍ വലിയ അപകടത്തിലാക്കും-സൗദി വിദേശ മന്ത്രി

ദാവോസ് - ഗാസ യുദ്ധം മേഖലയെ മുഴുവന്‍ വലിയ അപകടങ്ങളിലേക്ക് വലിച്ചിഴക്കുമെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ദാവോസ് ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. ചെങ്കടലിലെ സംഘര്‍ഷങ്ങളിലും മേഖലയുടെ സുരക്ഷയിലും സൗദി അറേബ്യക്ക് വലിയ ആശങ്കയുണ്ട്. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണം. എന്നാല്‍ ഇത്തരമൊരു സൂചന ഇസ്രായിലിന്റെ ഭാഗത്തു നിന്ന് കാണുന്നില്ല.
മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള വഴി കണ്ടെത്താനാണ് സൗദി അറേബ്യ മുന്‍ഗണന നല്‍കുന്നത്. ഇതിന് ഗാസ യുദ്ധം അവസാനിപ്പിക്കണം. ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം കൂടുതല്‍ പ്രയത്‌നിക്കണം. ഇസ്രായിലിലെയും ഗാസയിലെയും സാധാരണക്കാര്‍ ദുരന്തത്തിലൂടെയാണ് കടന്നുപോകുന്നത്. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ സൗദി അറേബ്യ പ്രവര്‍ത്തിക്കുന്നതായും വിദേശ മന്ത്രി പറഞ്ഞു.
സൈനിക ആക്രമണങ്ങള്‍ ചെങ്കടലിലെ വാണിജ്യ കപ്പല്‍ പാതകളില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു. ഗാസ യുദ്ധം അവസാനിപ്പിക്കലാണ് ഹൂത്തി ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗം. ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്നത് മേഖലയില്‍ മറ്റു രാജ്യങ്ങളിലും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കും. പ്രധാന പ്രതിസന്ധിക്കാണ് പരിഹാരം വേണ്ടത്. അത് ഗാസ യുദ്ധമാണ്. എങ്കില്‍ ഇതിന്റെ ഫലമായി ഉടലെടുത്ത മറ്റു പ്രതിസന്ധികളും അവസാനിക്കും. യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സ അവഗണിച്ച് ലക്ഷണങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുന്നതിലൂടെ പരിഹാരങ്ങള്‍ താല്‍ക്കാലികമാകുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു.

ഈ വാർത്തകൾ കൂടി വായിക്കുക

സലാം ചൊല്ലിയ പ്രേം നസീറും മടക്കാത്ത നാട്ടുകാരും

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ഭാര്യയുടെ ക്രൂരത, യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി

സൗദിയില്‍ ജോലി ചെയ്യാതെ വേതനം പറ്റിയത് 16,000 പേര്‍, വെളിപ്പെടുത്തി ഇസ്‌ലാമിക കാര്യ മന്ത്രി

Latest News