സൗദിയില്‍ ജോലി ചെയ്യാതെ വേതനം പറ്റിയത് 16,000 പേര്‍, വെളിപ്പെടുത്തി ഇസ്‌ലാമിക കാര്യ മന്ത്രി

ജിദ്ദ - ഇസ്‌ലാമികകാര്യ മന്ത്രാലയത്തില്‍ പതിനാറായിരത്തോളം സ്ഥിരം ജീവനക്കാര്‍ ജോലി ചെയ്യാതെ നേരത്തെ വേതനം കൈപ്പറ്റിയിരുന്നെന്നും ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടതായും വകുപ്പ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വെളിപ്പെടുത്തി. റോട്ടാന ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇസ്‌ലാമികകാര്യ മന്ത്രിയായി നിയമിതനായ ഉടന്‍ മന്ത്രാലയത്തിലെ മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ അടങ്ങിയ പട്ടിക തയാറാക്കി കൈമാറാനും, ജോലി ചെയ്യുന്നവരെയും ജോലി ചെയ്യാതെ വേതനം കൈപ്പറ്റുന്നവരെയും നിര്‍ണയിക്കാനും മാനവശേഷി വിഭാഗത്തിന് താന്‍ നിര്‍ദേശം നല്‍കി.
പരിശോധനയില്‍ 16,000 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നില്ലെന്ന് വ്യക്തമായി. താടിവെക്കാത്ത ഒരു ഇമാം മീഡിയ മന്ത്രാലയത്തില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നതായി കണ്ടെത്തി അയാളെ പിരിച്ചുവിട്ടു. മേല്‍ക്കോടതി ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയും ഇസ്‌ലാമികകാര്യ മന്ത്രാലയ ജീവനക്കാരനെന്നോണം വേതനം കൈപ്പറ്റിയിരുന്നു. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിരവധി മക്കളും ബന്ധുക്കളും മന്ത്രാലയ ജീവനക്കാരായി ജോലി ചെയ്യാതെ വേതനം കൈപ്പറ്റിയിരുന്നു. ഇവരെയെല്ലാവരെയും പിരിച്ചുവിട്ടു. 16,000 സ്ഥിരം ജീവനക്കാര്‍ക്കു പുറമെ പതിനായിരക്കണക്കിന് കരാര്‍ ജീവനക്കാരെയും ഇങ്ങിനെ ജോലി ചെയ്യാതെ വേതനം കൈപ്പറ്റിയതിന് പിരിച്ചുവിട്ടു. ആകെ 73,000 ജീവനക്കാരെയാണ് ഇങ്ങിനെ പിരിച്ചുവിട്ടത്.


ഈ വാർത്തകൾ കൂടി വായിക്കുക

കാലതാമസവും റദ്ദാക്കലും; എന്തൊക്കെയാണ് വിമാന യാത്രക്കാരുടെ അവകാശങ്ങള്‍

സ്മൃതി ഇറാനിയുടെ മദീന സന്ദര്‍ശനം; പ്രചരിക്കുന്നത് വ്യാജ വീഡിയോ

സലാം ചൊല്ലിയ പ്രേം നസീറും മടക്കാത്ത നാട്ടുകാരും


മോഷണം നടത്തി പിടിക്കപ്പെട്ടതിനാലാണ് റിയാദ് ഗവര്‍ണറേറ്റിലെ ജോലി തനിക്ക് നഷ്ടപ്പെട്ടതെന്ന് മുസ്‌ലിം ബ്രദര്‍ഹുഡുകാര്‍ കിംവദന്തികള്‍ പ്രചരിപ്പിച്ചിരുന്നു. ബ്രദര്‍ഹുഡുകാര്‍ വഞ്ചകരും ചീത്ത ആളുകളുമാണ്. അസുഖം ബാധിച്ചതിനാല്‍ ഗവര്‍ണറേറ്റിലെ ജോലിയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് താന്‍ അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് താന്‍ ചികിത്സക്ക് വിദേശത്തേക്ക് പോയി. ആരോടും താന്‍ അനീതി കാണിച്ചിട്ടില്ല. രാജ്യത്തിനും രാജ്യസുരക്ഷക്കും പൗരന്മാര്‍ക്കും വേണ്ടി പ്രതിരോധം തീര്‍ക്കുകയാണ് താന്‍ ചെയ്തത്. എല്ലാ സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയും താന്‍ ഭരണാധികാരികള്‍ക്കൊപ്പം നിലയുറപ്പിച്ചു.
മസ്ജിദുകളില്‍ നിന്ന് വെള്ളവും വൈദ്യുതിയും മറ്റും കവരുന്നതുമായി ബന്ധപ്പെട്ട 85 ശതമാനം പ്രശ്‌നങ്ങളും അവസാനിപ്പിച്ചിട്ടുണ്ട്. റിയാദില്‍ വന്‍കിട ബാങ്ക് ശാഖ സമീപത്തെ മസ്ജിദില്‍ നിന്ന് വെള്ളം കവരുന്നതായി കണ്ടെത്തിയിരുന്നു. മസ്ജിദുകള്‍ക്കു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളും ഇസ്തിറാഹകളും അടക്കമുള്ള സ്ഥാപനങ്ങള്‍ പള്ളികളില്‍ നിന്ന് വൈദ്യുതി മോഷ്ടിക്കുന്നതായും കണ്ടെത്തിയിരുന്നു. ഇത്തരം കൈയേറ്റങ്ങളുടെയെല്ലാം ബില്ലുകള്‍ ഇസ്‌ലാമികകാര്യ മന്ത്രാലയമാണ് അടച്ചിരുന്നത്.
 

Tags

Latest News