കാലതാമസവും റദ്ദാക്കലും; എന്തൊക്കെയാണ് വിമാന യാത്രക്കാരുടെ അവകാശങ്ങള്‍

ന്യൂദല്‍ഹി-വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും തുടര്‍ന്ന് എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ ക്ഷുഭിതരാകുന്നതും പതിവായി. എയര്‍ലൈനുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് സിവില്‍ ഏവിഷേയന്‍ ഡയറക്ടറേറ്റ് ഡി.ജി.സി.എ. വിമാനം മൂന്ന് മണിക്കൂര്‍ വൈകുമെന്ന് ഉറപ്പാണെങ്കില്‍ റദ്ദാക്കാമെന്നാണ് ഇതിലൊരു പ്രധാന നിര്‍ദേശം.

വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാര്‍ക്കുള്ള അവകാശങ്ങളെ കുറിച്ചും ചര്‍ച്ച സജീവമാണ്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുളള വിമാനം രണ്ട് മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ലഘുഭക്ഷണം നല്‍കിയിരിക്കണം. ആറുമണിക്കൂറിലേറെ വൈകിയാല്‍ പകരം വിമാനം കണ്ടെത്താനും മുഴുവന്‍ തുകയും തിരികെ ലഭ്യമാക്കാനും യാത്രക്കാരന് അവകാശമുണ്ട്.
വിമാനം റദ്ദാക്കുകയാണെങ്കില്‍ വിവരം 24 മണിക്കൂര്‍ മുമ്പെങ്കിലും പുറപ്പെടാനിരുന്ന സമയത്തിന്റെ 24 മണിക്കൂര്‍ മുമ്പെങ്കിലും അറിയിച്ചിരിക്കണം. അതേസമയം, അസാധാരണ സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിമാന കമ്പനികള്‍ ബാധ്യസ്ഥരല്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിമാനങ്ങളുടെ കാലതാമസവും റദ്ദാക്കലും സംബന്ധിച്ച പരാതികള്‍ ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് വിമാന കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്. മൂടല്‍മഞ്ഞും പ്രതികൂല കാലാവസ്ഥയുമാണ് ദല്‍ഹി പോലുള്ള വിമാനത്താവളങ്ങളില്‍ വിമാനങ്ങളുടെ കാലതാമസത്തിനും റദ്ദാക്കലിനും കാരണമായത്. യാത്രക്കാര്‍ക്ക് നേരിട്ട തടസ്സങ്ങള്‍ പലപ്പോഴും വലിയ പ്രതിഷേധത്തിലെത്തി.
മുന്‍കൂര്‍ അറിയിപ്പ് കൂടാതെ ബോര്‍ഡിംഗ് നിരസിക്കപ്പെടുക, വിമാനം റദ്ദാക്കുക, നീണ്ട കാലതാമസമുണ്ടാകുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വിമാന യാത്രക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഡി.ജി.സി.എ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടു.
പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായി, വിമാന ടിക്കറ്റുകളില്‍ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് (ഇഅഞ) റഫറന്‍സ് ഉള്‍പ്പെടുത്താന്‍ എയര്‍ലൈനുകള്‍ക്ക് നിര്‍ദേശം നല്‍കി.  
എല്ലാ എയര്‍ലൈനുകളും സി.എ.ആറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. എയര്‍ലൈനിന്റെ നിയന്ത്രണത്തിനപ്പുറമുള്ള അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ ഇതില്‍ ഇളവുകള്‍ പാടുള്ളൂ. വിമാന കാലതാമസത്തെ കുറിച്ചുള്ള വിവരങ്ങള്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി നല്‍കണം.


ഈ വാർത്ത കൂടി വായിക്കുക

സ്മൃതി ഇറാനിയുടെ മദീന സന്ദര്‍ശനം; പ്രചരിക്കുന്നത് വ്യാജ വീഡിയോ


ഇമെയിലുകളും എസ്എംഎസുകളും വഴി വിമാനങ്ങളുടെ കാലതമാസം എല്ലാ എയര്‍ലൈനുകളും യാത്രക്കാരെ അറിയിക്കണം. ഔദ്യോഗിക വെബ്‌സൈറ്റില്‍ വിവരം നല്‍കുന്നതിനു പുറമെ, എയര്‍പോര്‍ട്ടുകളില്‍  ഡിസ്‌പ്ലേകള്‍ പുതുക്കിയിരിക്കണം. വിവിധ ചാനലുകളിലൂടെ വിമാന കാലതാമസത്തെക്കുറിച്ചുള്ള കൃത്യമായ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നാണ് നിര്‍ദേശം.
വിമാനത്തിന്റെ കാലതാമസം സംബന്ധിച്ച് യാത്രക്കാരോട് ഫലപ്രദമായി ആശയവിനിമയം നടത്താനും മാര്‍ഗനിര്‍ദേശം നല്‍കാനും തുടര്‍ച്ചയായി അറിയിക്കാനും വിമാനത്താവളങ്ങളിലെ എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് ഉചിതമായ ബോധവല്‍ക്കരണം നടത്തണം.
നിലവിലെ പ്രതികൂല കാലാവസ്ഥ കാരണം മൂന്ന് മണിക്കൂറിനപ്പുറം കാലതാമസം നേരിടുന്ന വിമാനങ്ങള്‍ എയര്‍ലൈനുകള്‍ മുന്‍കൂട്ടി റദ്ദാക്കണം. വിമാനത്താവളങ്ങളിലെ തിരക്ക് തടയുകയും യാത്രക്കാരുടെ അസൗകര്യം കുറക്കുകയുമാണ് ലക്ഷ്യം.
മോശം കാലാവസ്ഥയും വിസിബിലിറ്റി ഇല്ലാത്തതും കാരണം വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകുകയും റദ്ദാക്കുകയും ചില സമയങ്ങളില്‍ വഴിതിരിച്ചുവിടുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിഷേധമാണുണ്ടായത്.
വിമാനം വൈകുന്നതായുള്ള അറിയിപ്പ് നല്‍കുന്നതിനിടെ  ദല്‍ഹിയില്‍ ഗോവയിലേക്കുള്ള വിമാനത്തിന്റെ സഹപൈലറ്റിനെ തല്ലിച്ചതച്ചതിന് ഇന്‍ഡിഗോ യാത്രക്കാരന്‍ അറസ്റ്റിലായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സഹപൈലറ്റിന്റെ അടുത്തേക്ക് ഓടിച്ചെന്ന് സാഹില്‍ കതാരിയ എന്നയാള്‍ മുഖത്ത് അടിക്കുന്നതാണ് വീഡിയോ. കുറ്റാരോപിതനായ യാത്രക്കാരനെതിരെ നടപടിയെടുക്കണമെന്ന് പലരും ആവശ്യപ്പെട്ടപ്പോള്‍, ഇന്‍ഡിഗോക്കെതിരായ പരാതികളുടെ പരമ്പര തന്നെ ഉദ്ധരിച്ച് മറ്റുള്ളവര്‍ യാത്രക്കാരുടെ നിരാശ പ്രകടിപ്പിച്ചു.  
ദില്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം മണിക്കൂറുകളോളം വൈകുകയും പിന്നീട് വഴിതിരിച്ചുവിടുകയും ചെയ്തതിനെത്തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാര്‍ റണ്‍വേയില്‍ ഇരുന്ന് അത്താഴം കഴിക്കുന്നതാണ് പ്രചരിക്കുന്ന മറ്റൊരു വീഡിയോ. ജനുവരി 14ന് ഗോവയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം 18 മണിക്കൂറോളം വൈകിയെന്നും പിന്നീട് മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടെന്നും സോഷ്യല്‍ മീഡിയാ പഌറ്റ്‌ഫോമായ എക്‌സില്‍ നിരവധി യാത്രക്കാര്‍ പറഞ്ഞു.

 

Latest News