ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വ്വേ നടത്താനുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂദല്‍ഹി -  ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വ്വേ നടത്താനുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു.  . മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ശ്രീകൃ്ണ ജന്‍മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗമാണ് അലഹാബാദ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നത്. മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വെ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.
ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം, പള്ളിയില്‍ ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വെ നടത്താന്‍ നിര്‍ദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് പൊതു താല്‍പര്യ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഇതേ വിഷയത്തില്‍ മറ്റൊരു ഹര്‍ജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാല്‍ പൊതുതാല്‍പര്യ ഹര്‍ജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയിരുന്നത്. ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നല്‍കിയിരുന്നു.

 

Latest News