Sorry, you need to enable JavaScript to visit this website.

ഗാസയില്‍ മരണം 23,968; പരിഹാരം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന് ചൈന

ഗാസ- മനുഷ്യത്വ രഹിതമായ അരുംകൊല നൂറ് ദിനം പിന്നിട്ടതോടെ ഗാസയില്‍ മരണം 24000ലേക്ക്. ഇന്നലെ മാത്രം ഗാസയില്‍ ആക്രമണങ്ങളില്‍ 125 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 265 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഒക്ടോബര്‍ ഏഴിനുശേഷം ഗാസയില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23968 ആയതായി ഗാസ ആരോഗ്യ വിഭാഗം അറിയിച്ചു. പരിക്കേറ്റവര്‍ 60,582 ആണ്.
യുദ്ധത്തിന് പുറമെ ജീവകാരുണ്യ സഹായം എത്തിക്കുന്നതിന് ഇസ്രായില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക കൂടി ചെയ്തതോടെ ഗാസയില്‍ അതീവ ഗുരുതര സ്ഥിതിവിശേഷമാണെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം പറഞ്ഞു. ഒരിറുക്ക് വെള്ളത്തിനും, ഒരു കഷ്ണം റൊട്ടിക്കുമായി കുട്ടികള്‍ പരക്കം പായുന്ന അവസ്ഥയാണ് അവിടെയുള്ളത്.
ഇന്നലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി ഗാസയില്‍ കൊല്ലപ്പെട്ടു. ഈജിപ്ഷ്യന്‍ ചാനലായ അല്‍ഖദ് ടി.വിയുടെ ലേഖകന്‍ യാസാന്‍ സൈ്വദിയാണ് വടക്കന്‍ ഗാസയില്‍ ഇസ്രായില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് അല്‍ജസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കാനുള്ള ദൗത്യത്തിലായിരുന്ന പാല്‍ടെല്ലിന്റെ രണ്ട് ടെക്‌നീഷ്യന്‍മാരും ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ദിവസങ്ങളായി ഗാസയില്‍ ഇന്റര്‍നെറ്റ് പൂര്‍ണമായും വിഛേദിക്കപ്പെട്ട അവസ്ഥയിലാണ്.

ഈ വാർത്തകൾ കൂടി വായിക്കുക

നീ എന്തിനീ കടുംകൈ ചെയ്തു; മകനെ കൊന്ന ടെക്കി യുവതിയും ഭര്‍ത്താവും മുഖാമുഖം

രാമക്ഷേത്ര ആഘോഷങ്ങളില്‍നിന്ന് മുസ്ലിംകള്‍ വീട്ടുനില്‍ക്കണം; കാരണങ്ങൾ നിരത്തി വ്യക്തിനിയമ ബോര്‍ഡ്

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി


വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ ആക്രമണത്തില്‍ രണ്ട് ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു ഇസ്രായിലി സൈനികനും കൊല്ലപ്പട്ടിട്ടുണ്ട്. വടക്കന്‍ ഇസ്രായിലിലേക്ക് ഇന്നലെയും ഹിസ്ബുല്ല ടാങ്ക് വേധ മിസൈലുകള്‍ ഉപയോഗിച്ച് ആക്രണം നടത്തി. ആക്രമണത്തില്‍ രണ്ട് ഇസ്രായിലികള്‍ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍നിന്ന് ഇന്നലെയും തെക്കന്‍ ഇസ്രായിലിന്റെ റോക്കറ്റ് ആക്രമണമുണ്ടായി. തെക്കന്‍ ഗാസയില്‍ പലയിടത്തും ആക്രമണ സൈറണ്‍ മുഴങ്ങിയതായി ഇസ്രായില്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ ഇസ്രായില്‍ സൈന്യം നിയന്ത്രണത്തിലാക്കിയെന്ന് പറഞ്ഞ സ്ഥലങ്ങളില്‍നിന്നാണ് ഇന്നലെയും ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് റോക്കറ്റുകളയച്ചത്.
അതിനിടെ, യെമനിലെ ഹുദൈദ പ്രവിശ്യയിലുള്ള ഹൂത്തി കേന്ദ്രങ്ങള്‍ക്കുനേരെ വീണ്ടും യു.എസ്, ബ്രിട്ടീഷ് പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തി. അല്‍ ലഹിയ ജില്ലയിലെ ജബല്‍ അല്‍ ജദയിലായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണത്തില്‍ മരണമില്ലെന്ന് ഹൂത്തി വക്താവ് പറഞ്ഞു.
യെമനില്‍ ആക്രമണം നടത്തുന്നതിന് ബ്രിട്ടീഷ് പോര്‍വിമാനങ്ങള്‍ പുറപ്പെടുന്ന സൈപ്രസിലെ അക്രോതിരി എയര്‍ഫോഴ്‌സ് ബെയ്‌സിന് പുറത്തിന് നൂറുകണക്കിന് യുദ്ധ വിരുദ്ധര്‍ പ്രകടനം നടത്തി.
അതിനിടെ, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് രൂപം നല്‍കുകയും, ഗാസയില്‍ അടിയന്തിരമായി വെടിനിര്‍ത്തല്‍ നടപ്പാക്കുകയും വേണമെന്ന് ചൈന ആവശ്യപ്പെട്ടു. ഈജിപ്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ചൈനീസ് വിദേശ മന്ത്രി വാങ് യി, ഈജിപ്ഷ്യന്‍ വിദേശ മന്ത്രി സമീഹ് ഷൗക് രിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്. 1967ലെ അതിര്‍ത്തികള്‍ പ്രകാരം ജറൂസലം തലസ്ഥാനമായി സ്വതന്ത്ര, പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കേണ്ടത് പ്രശ്‌നപരിഹാരത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായില്‍ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും വാഷിംഗ്ടണ്‍, ജോഹാനസ്ബര്‍ഗ് അടക്കമുള്ള നഗരങ്ങളില്‍ വന്‍ പ്രകടനങ്ങള്‍ നടന്നു. ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ നഗരങ്ങളില്‍ ഇസ്രായില്‍ അനുകൂല പ്രകടനങ്ങളും നടന്നു. ലണ്ടനില്‍ നടന്ന ഇസ്രായില്‍ അനുകൂല പ്രകടനത്തില്‍ സ്ഥാനം നഷ്ടപ്പെട്ട മുന്‍ വിദേശകാര്യ മന്ത്രിയും ഇന്ത്യന്‍ വംശജയുമായ സുവല്ല ബ്രവര്‍മാനും പങ്കെടുത്തു.

 

 

Latest News