വാഷിംഗ്ടണ്‍- യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ്, ബ്രിട്ടീഷ് സൈന്യങ്ങള്‍ ആക്രമണം നടത്തിയതിന് പിന്നാലെ സ്ഥിഗതികള്‍ രൂക്ഷമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. അന്താരാഷ്ട്ര കപ്പലുകള്‍ക്കെതിരായ ഹൂത്തി ആക്രമണത്തെ ന്യായീകരിക്കുന്നില്ലെന്നും ഗുട്ടെറെസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ആക്രമണങ്ങളെ പ്രതിരോധിക്കുന്ന രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം. സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകരുതെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ഹൂത്തി ആക്രമണങ്ങള്‍ ആഗോള വിതരണശൃംഖലയുടെ സുരക്ഷ അപകടത്തിലാക്കുകയും ലോകമെമ്പാടുമുള്ള സാമ്പത്തിക വിഷയങ്ങളെ ബാധിക്കുകയും ചെയ്യുന്നു. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ യു.എന്‍ രക്ഷാസമിതി ന്യൂയോര്‍ക്കില്‍ യോഗം ചേരുന്നുണ്ട്. ഹൂത്തികള്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് യു.എന്‍ പ്രമേയം പാസ്സാക്കിയിരുന്നു.
വ്യാഴാഴ്ച രാത്രി യെമെനിലെ ഒരു ഡസന്‍ ഹൂത്തികേന്ദ്രങ്ങളാണ് യു.എസിന്റെയും ബ്രിട്ടന്റെയും സേനകള്‍ ചേര്‍ന്ന് ആക്രമിച്ചത്. യു.എസ്. പടക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവ ആക്രമണത്തില്‍ പങ്കെടുത്തു. ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന യുദ്ധത്തിനെതിരേയുള്ള പ്രതിഷേധമായാണ് ഹൂത്തികളുടെ കപ്പലാക്രമണം.






