Sorry, you need to enable JavaScript to visit this website.

ഗോളടിച്ച് ഗൾഫ് ടീമുകൾ

ഏഷ്യൻ ഫുട്‌ബോളിൽ ഗൾഫിന്റെ കുതിപ്പ് കണ്ട രണ്ടു വർഷമാണ് കടന്നു പോയത്. 2022 ൽ ലോകകപ്പിലൂടെ ഖത്തറും 2023 ൽ സൗദി അറേബ്യയും നിറഞ്ഞു നിന്നു. ഏഷ്യൻ കപ്പിന് ഖത്തറിൽ പന്തുരുളുമ്പോൾ ഗൾഫ് ഫുട്‌ബോളിന്റെ നാൾവഴികളിലൂടെ...

 

ബ്രിട്ടീഷ് സൈനികരിൽനിന്നും ഇന്ത്യയിൽനിന്നും ഫുട്‌ബോളിന്റെ ബാലപാഠങ്ങൾ പഠിച്ച ഗൾഫിൽ കളിക്ക് സംഘടിത രൂപമാവുന്നത് സമീപകാലത്താണ്. ഗൾഫിൽ ആദ്യം കരുത്തു തെളിയിച്ച കുവൈത്തിൽ 1952 ലാണ് ഫെഡറേഷൻ രൂപം കൊണ്ടത്. 1961 ലെ അറേബ്യൻ ഗെയിംസിൽ കുവൈത്ത് പങ്കെടുത്തെങ്കിലും ഫിഫയിൽ അവർ അംഗമാവുന്നത് 1962 ലാണ്. കുവൈത്തിന് ആദ്യം വെല്ലുവിളിയുയർത്തിയ യു.എ.ഇയിൽ 1971 ലാണ് ഫെഡറേഷനുണ്ടായത്. 1974 ൽ ഫിഫ അംഗമായി. 1920 കളിൽ തന്നെ ബഹ്‌റൈനിൽ ഫുട്‌ബോൾ പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും 1958 ലാണ് ഫെഡറേഷൻ രൂപം കൊള്ളുന്നത്. ഫിഫ അംഗമായത് 1965 ൽ മാത്രം. 1978 ൽ മാത്രം നിലവിൽ വന്ന ഒമാൻ ഫുട്‌ബോൾ ഫെഡറേഷൻ 1980 ലാണ് ഫിഫയിൽ ചേർന്നത്. ഇന്ന് മേഖലയിലെ ഏറ്റവും ശക്തമായ ടീമായ സൗദിയിൽ 1959 ലാണ് സംഘടിത രൂപം കൈവന്നത്.
ഞൊടിയിടയിലാണ് ഗൾഫ് മേഖലയിൽ ഫുട്‌ബോൾ ലഹരി കത്തിപ്പടർന്നത്. ഫിഫയിൽ അംഗമായി എട്ടു വർഷം പിന്നിടും മുമ്പെ കുവൈത്ത് 1970 ലെ ഗൾഫ് കപ്പ് നേടി. ഗൾഫ് കപ്പിൽ പിന്നീട് അവർ തോൽക്കുന്നത് 1979 ൽ ബഗ്ദാദിൽ ഇറാഖിനോടായിരുന്നു. 1982 ലും 1986 ലും 1990 ലും 1996 ലും 1998 ലും വീണ്ടും കിരീടം നേടി. മൊത്തം 10 തവണ. 1980 ൽ ഏഷ്യൻ കപ്പ് ജേതാക്കളായ കുവൈത്ത് മോസ്‌കൊ ഒളിംപിക്‌സിന് യോഗ്യത നേടി. 1982 ലെ ദൽഹി ഏഷ്യാഡ് ഫൈനലിൽ ഇറാഖിനോടാണ് തോറ്റത്. തങ്ങളുടെ സുവർണ കാലഘട്ടത്തിൽ 1982 ലെ ലോകകപ്പും അവർ കളിച്ചു. 1998 നു ശേഷം തളർന്നുപോയ കുവൈത്ത് ഇന്ന് പഴയ പ്രതാപത്തിന്റെ നിഴൽ  മാത്രമാണ്. 
1986 ലും 1988 ലും യു.എ.ഇ ഗൾഫ് കപ്പിൽ റണ്ണേഴ്‌സ് അപ്പായി. 1986 ലെ മെക്‌സിക്കൊ ലോകകപ്പിന് യോഗ്യത നേടാനുള്ള ശ്രമത്തിൽ അവസാന കടമ്പയിലാണ് ഇറാഖിനോട് അടിതെറ്റിയത്. 1990 ലെ ഇറ്റലിയിലെ ലോകകപ്പിൽ മുഖം കാണിച്ചു. 2007 ലും 2013 ലും ഗൾഫ് കപ്പ് ചാമ്പ്യന്മാരായി. 
ഇപ്പോൾ സൗദിയാണ് ഗൾഫിലെ ഏറ്റവും പ്രബല ശക്തി. നൂറ്റമ്പതിലേറെ ക്ലബ്ബുകളും വിവിധ പ്രായഗ്രൂപ്പുകൾക്കായി പത്തിലേറെ ടൂർണമെന്റുകളും പതിനയ്യായിരത്തിലേറെ രജിസ്റ്റർ ചെയ്ത കളിക്കാരും പത്തിലേറെ രാജ്യാന്തര റഫറിമാരുമുള്ള സൗദിയിൽ ഫുട്‌ബോളിന് അതിശക്തമായ ഘടനയുണ്ട്. 1984 മുതൽ 2000 വരെ എല്ലാ ഏഷ്യൻ കപ്പിലും സൗദി ഫൈനലിലെത്തി. മൂന്നു തവണ ചാമ്പ്യന്മാരായി (1984, 1988, 1996). 1992 ലും 2000 ലും ജപ്പാനോട് 1-0 നാണ് ഫൈനലിൽ തോറ്റത്. 1989 ൽ സൗദി അണ്ടർ-17 ലോക ചാമ്പ്യന്മാരായപ്പോൾ ലോകതലത്തിൽ ഏഷ്യയുടെ പ്രഥമ വിജയമായി അത്. 
അഞ്ചു ലക്ഷത്തോളം ജനസംഖ്യയുള്ള കൊച്ചുരാജ്യമെന്ന നിലയിൽ ഖത്തറിന്റെ നേട്ടം അസൂയാവഹമാണ്. 1981 ൽ ഏഷ്യൻ യൂത്ത് കപ്പിലും ലോക യൂത്ത് കപ്പിലും അവർ ഫൈനലിലെത്തി. 1990 ൽ ഏഷ്യൻ യൂത്ത് ചാമ്പ്യന്മാരും ലോക യൂത്ത് കപ്പിൽ നാലാം സ്ഥാനക്കാരുമായി. ഏഷ്യൻ അണ്ടർ-17 ടൂർണമെന്റിൽ 1984 നും 1998 നുമിടയിൽ അഞ്ചു തവണ ഫൈനൽ കളിച്ചു. 1992 ലും 2004 ലും ഗൾഫ് കപ്പ് ചാമ്പ്യന്മാരായ ഖത്തർ 2006 ലെ ഏഷ്യാഡിൽ സ്വർണം നേടി. നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരാണ്.    
അയൽരാജ്യങ്ങളെ അപേക്ഷിച്ച് കാര്യമായ നേട്ടമുണ്ടാക്കാനാവാതിരുന്ന ബഹ്‌റൈൻ 2004 ൽ തകർപ്പൻ മുന്നേറ്റം നടത്തി. തങ്ങളുടെ പ്രഥമ ഏഷ്യൻ കപ്പിൽ സെമി വരെ മുന്നേറിയ അവർ ജപ്പാനോട് അവസാന സെക്കന്റുകളിലെ ഗോളിലാണ് തോറ്റത്. 2006 ലെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അവസാന ഘട്ടംവരെ എത്തി. ഇന്റർകോണ്ടിനന്റൽ പ്ലേഓഫിൽ ട്രിനിഡാഡിനോട് തോൽക്കുകയായിരുന്നു.
1996 ലും 2000 ലും ഏഷ്യൻ അണ്ടർ-17 ചാമ്പ്യന്മാരായ ഒമാൻ 1995 ലെ അണ്ടർ-17 ലോകകപ്പിൽ നാലാം സ്ഥാനക്കാരായിരുന്നു. 2004 ൽ ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെത്തുകയും ഗൾഫ് കപ്പ് റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു. 
ഗൾഫ് യുദ്ധത്തിനു മുമ്പ് മേഖലയിലെ കരുത്തുറ്റ ഫുട്‌ബോൾ ശക്തിയായിരുന്ന ഇറാഖിന് യുദ്ധത്തിനും അധിനിവേശത്തിനും ശേഷവും അതു നിലനിർത്താനായെന്നത് അദ്ഭുതാവഹമാണ്. 
2004 ലെ ആതൻസ് ഒളിംപിക്‌സിൽ സെമിയിലെത്തിയ അവർ ഏഷ്യാഡിൽ ഫൈനൽ കളിച്ചു. 2007 ൽ ഏഷ്യൻ ചാമ്പ്യന്മാരായി. ഗൾഫ് കപ്പിലും ഉജ്വലമായി മുന്നേറി. 
പശ്ചമേഷ്യയിൽനിന്ന് ആദ്യമായി ലോകകപ്പ് കളിച്ചത് ഇറാനാണ്, 1978 ൽ. പ്രതിഭയുള്ള കളിക്കാരുടെ നീണ്ട നിരയുള്ള ഇറാന് പലപ്പോഴും പടലപ്പിണക്കമാണ് വിനയായത്. മൂന്നു തവണ ഏഷ്യൻ ചാമ്പ്യന്മാരും നാലു തവണ ഏഷ്യാഡ് ജേതാക്കളുമായ ഇറാൻ 1998 ലെ ലോകകപ്പിൽ ബദ്ധവൈരികളായ അമേരിക്കയെ തോൽപിച്ചു. കഴിഞ്ഞ ലോകകപ്പിൽ കിരീടം നേടിയ അർജന്റീനയെ തോൽപിച്ച ഏക ടീമാണ് സൗദി അറേബ്യ. 

Latest News