മുംബൈയിൽനിന്ന് ഗുവാഹത്തിയിലേക്കുള്ള വിമാനം ധാക്കയിൽ ഇറക്കി, പാസ്‌പോർട്ടില്ലാതെ യാത്രക്കാർ ബംഗ്ലാദേശിൽ

ന്യൂദൽഹി- മുംബൈയിൽനിന്ന് ഗുവാഹത്തിയിലേക്ക് പോയ ഇൻഡിഗോ വിമാനം കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ അടിയന്തരമായി ഇറക്കി. ദൂരക്കാഴ്ച കുറവായതിനാൽ ഗുവാഹത്തി വിമാനത്താവളത്തിൽ ഇറങ്ങാനാകാതെ വഴിതിരിച്ചുവിട്ട വിമാനം പുലർച്ചെ നാലിന് ധാക്കയിൽ ഇറക്കുകയായിരുന്നു. 
ലാൻഡ് ചെയ്ത വിമാനത്തിനുള്ളിൽ തുടരുന്ന യാത്രക്കാർക്ക് ലഘുഭക്ഷണം നൽകിയിട്ടുണ്ടെന്നും അവരെ ഗുവാഹത്തിയിലേക്ക് തിരികെ കൊണ്ടുപോകാൻ ബദൽ ജീവനക്കാരെ നിയോഗിക്കുകയാണെന്നും എയർലൈൻ അറിയിച്ചു.

'ഗുവാഹത്തിയിലെ മോശം കാലാവസ്ഥയെത്തുടർന്നാണ് മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6E 5319 ബംഗ്ലാദേശിലെ ധാക്കയിലേക്ക് തിരിച്ചുവിട്ടത്. വിമാനം വീണ്ടും യാത്ര തുടരാൻ വൈകുന്നതോടെ യാത്രക്കാർ ആശങ്കയിലായെന്ന് നിരവധി യാത്രക്കാർ പറയുന്നു. 

ഞാൻ മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്ക് വിമാനത്തിൽ പോയി. എന്നാൽ കനത്ത മൂടൽമഞ്ഞ് കാരണം വിമാനത്തിന് ഗുവാഹത്തിയിൽ ഇറക്കാനായില്ല. പകരം ധാക്കയിലിറങ്ങി. ഇപ്പോൾ എല്ലാ യാത്രക്കാരും പാസ്പോർട്ടില്ലാതെ ബംഗ്ലാദേശിലാണ്, ഞങ്ങൾ വിമാനത്തിനുള്ളിലാണെന്ന് ഇംഫാലിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ യാത്രയിൽ പങ്കെടുക്കാൻ പോകുന്ന മുംബൈ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് സൂരജ് സിംഗ് ഠാക്കൂർ എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഒമ്പത് മണിക്കൂറോളം യാത്രക്കാർ വിമാനത്തിനുള്ളിൽ കഴിഞ്ഞിട്ടുണ്ടെന്ന് ഠാക്കൂർ പറഞ്ഞു.

178 യാത്രക്കാർ തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് മടങ്ങാൻ മറ്റൊരു ക്രൂവിനായി നാല് മണിക്കൂറിലധികം കാത്തിരിക്കുകയായിരുന്നെന്ന് എക്സിലെ ഒരു പോസ്റ്റിൽ മറ്റൊരു യാത്രക്കാരൻ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 8.20 ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 11.10 ന് ഗുവാഹത്തിയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ മൂന്ന് മണിക്കൂർ വൈകി രാത്രി 11.20 ഓടെയാണ് വിമാനം മുംബൈയിൽ നിന്ന് പുറപ്പെട്ടത്.

Latest News