മോഡി ഇളക്കിമറിച്ച തൃശൂരില്‍ ഖാര്‍ഗെയെ ഇറക്കാന്‍ കോണ്‍ഗ്രസ്

തൃശൂര്‍ - ബി.ജെ.പിക്കാര്‍ മോഡിയെ തൃശൂരില്‍ കൊണ്ടുവന്നാല്‍ കോണ്‍ഗ്രസുകാര്‍ ഖാര്‍ഗെയെ തൃശൂരില്‍  കൊണ്ടുവരും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം തൃശൂരില്‍നിന്ന് ആരംഭിക്കാന്‍ നേതൃത്വം പദ്ധതിയിടുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തൃശൂരില്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.
പാര്‍ട്ടിയുടെ കാല്‍ ലക്ഷം ബൂത്ത് പ്രസിഡന്റുമാരെ അണിനിരത്തി തൃശൂരില്‍ കോണ്‍ഗ്രസ് മഹാസമ്മേളനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന സമ്മേളനം ഈ മാസം തന്നെ നടത്താനാണ് എ.ഐ.സി.സി. നേതൃത്വത്തിന്റെ തീരുമാനം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലം തൃശൂര്‍ ആണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പങ്കെടുപ്പിച്ച് തൃശൂരില്‍ ബി.ജെ.പി. മഹാസമ്മേളനം നടത്തിയത് ഈ ലക്ഷ്യത്തോടെയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് തൃശൂരില്‍നിന്ന് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് പ്രസിഡന്റുമാരെയും തൃശൂരില്‍ അണിനിരത്തിക്കൊണ്ടുള്ള ശക്തിപ്രകടനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഏതാണ്ട് കാല്‍ ലക്ഷത്തോളം ബൂത്ത് പ്രസിഡന്റുമാരാണ് പാര്‍ട്ടിക്ക് ഉള്ളത്. ചികിത്സ കഴിഞ്ഞ് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ തിരിച്ചെത്തിയാല്‍ ഉടന്‍ സമ്മേളനത്തിന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും.

 

Latest News