Sorry, you need to enable JavaScript to visit this website.

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുമായി യൂറോപ്യൻ രാജ്യങ്ങൾ; ഇന്ത്യ 80-ാം സ്ഥാനത്ത്

ന്യൂദൽഹി- ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ നിരയിലെ ആദ്യ സ്ഥാനങ്ങൾ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങൾ സ്വന്തമാക്കി. ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം ഈ രാജ്യങ്ങളുടെ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്. സൗദി അറേബ്യ 61-ാം സ്ഥാനത്താണ്. വിസയില്ലാതെ 89 രാജ്യങ്ങൾ സന്ദർശിക്കാം.
കഴിഞ്ഞ അഞ്ച് വർഷമായി ജപ്പാനും സിംഗപ്പൂരുമാണ് ഒന്നാം സ്ഥാനത്ത് സ്ഥിരമായി ആധിപത്യം പുലർത്തുന്നത്. എന്നാൽ 2024-ൽ യൂറോപ്യൻ രാജ്യങ്ങൾ ആദ്യ സ്ഥാനത്തെത്തി. ഫിൻലൻഡും സ്വീഡനും ദക്ഷിണ കൊറിയയുമായി രണ്ടാം സ്ഥാനത്തെത്തി. ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് 193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങൾ മൂന്നാം സ്ഥാനത്താണ്. ഈ രാജ്യങ്ങളിലെ പാസ്പോർട്ട് ഉടമകൾക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാം. 

ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ് തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അനുമതിയുള്ള ഇന്ത്യയുടെ പാസ്പോർട്ട് പട്ടികയിൽ 80-ാം സ്ഥാനത്താണ്. ഇക്കാര്യത്തിൽ ഇന്ത്യക്കും ഉസ്‌ബെക്കിസ്ഥാനും ഒരേ സ്ഥാനമാണ്. പാക്കിസ്ഥാൻ 101-ാം സ്ഥാനത്തും. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News