ശ്രീരാമനെ നന്ദിച്ചു, നയന്‍താരയ്‌ക്കെതിരെ  മധ്യപ്രദേശ് പോലീസ് കേസെടുത്തു 

ഭോപാല്‍- നയന്‍താര ടൈറ്റില്‍ റോളിലെത്തിയ അന്നപൂരണി എന്ന സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ചലച്ചിത്രതാരം നയന്‍താരയ്ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. അന്നപൂരണി ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, നെറ്റ്ഫ്‌ളിക്‌സ് അധികൃതര്‍ എന്നിവര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ശ്രീരാമനെ നിന്ദിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ചു, മതവികാരങ്ങള്‍ വ്രണപ്പെടുത്തി തുടങ്ങിയവ ആരോപിച്ചുള്ള ഹിന്ദു സേവാ പരിഷത്തിന്റെ പരാതിയിലാണ് കേസ്. വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് സിനിമ നെറ്റ്ഫളിക്‌സ് പിന്‍വലിച്ചു. നയന്‍താര, സംവിധായകന്‍ നിലേഷ് കൃഷ്ണ, നിര്‍മാതാക്കളായ ജതിന്‍ സേതി, ആര്‍.രവീന്ദ്രന്‍, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ കണ്ടന്റ് ഹെഡ് മോണിക്ക ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെയാണു കേസ്.
ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് അന്നപൂരണി തിയറ്ററുകളിലെത്തിയത്. ഡിസംബര്‍ അവസാനം നെറ്റ്ഫ്‌ലിക്‌സ് വഴി ചിത്രം പ്രദര്‍ശനം തുടങ്ങിയതോടെയാണ് വ്യാപക വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നത്. നയന്‍താരയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ മുംബൈയില്‍ ബജ്‌റങ്ദള്‍, ഹിന്ദു ഐടി സെല്‍ എന്നിവരും പരാതികള്‍ നല്‍കിയിരുന്നു.മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് നിര്‍മ്മാതാക്കള്‍ക്കെതിരെ മുന്‍ ശിവസേന നേതാവ് രമേശ് സോളങ്കി പരാതി നല്‍കിയിരുന്നു. ചിത്രം ഹിന്ദു വിരുദ്ധമാണെന്നും ഭഗവാന്‍ രാമന്‍ മാംസം ഭക്ഷിച്ചെന്ന് പറയുന്ന രംഗം മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. മതവികാരം വ്രണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നുവെന്നും വിവാദ രംഗങ്ങള്‍ നീക്കുമെന്നും സീ സ്റ്റുഡിയോ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് നെറ്റ്ഫ്‌ളിക്‌സും സീ സ്റ്റുഡിയോയും ഈ ചിത്രം നിര്‍മ്മിച്ച് പുറത്തിറക്കിയത് ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും രമേശ് സോളങ്കി ആരോപിക്കുന്നു. മുംബൈ പോലീസിന് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ രമേശ് സോളങ്കി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നായന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Latest News