ലക്ഷദ്വീപ് ജനതയെ ഭീകരരാക്കാന്‍ ഹീന ശ്രമം, ആന്ത്രോത്തിലെ നേതാവ് നിയമനടപടിയ്ക്ക്  

മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍ 

കവരത്തി-മാലിദ്വീപ് വിഷയത്തില്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ പ്രദേശമാണ് അറബിക്കടലിന്റെ പവിഴമുത്തുകളായ ലക്ഷദ്വീപ് സമൂഹം. ദ്വീപിലേക്ക് ടൂര്‍ പാക്കേജുകളൊരുക്കുന്ന തിരക്കാണ് നാട്ടിലെങ്ങും. അതിനിടയ്ക്ക് സമൂഹത്തില്‍ ഭിന്നതയുടെ വിത്ത് വിതയ്ക്കാനുള്ള ഒരു ഓണ്‍ലൈന്‍ ചാനലിന്റെ ശ്രമം ദ്വീപ് സമൂഹത്തില്‍ രോഷം സൃഷ്ടിച്ചു. മോഡി ലക്ഷദ്വീപ് സന്ദര്‍ശിച്ചത് വെറുതെയല്ല, പിഎഫ്‌ഐയുടെ കളി നടക്കില്ല എന്ന ശീര്‍ഷകത്തില്‍ കര്‍മ ന്യൂസ് എന്ന ഓണ്‍ലൈന്‍ ചാനലാണ് വാര്‍ത്ത നല്‍കിയത്. പട്ടികവര്‍ഗ്ഗത്തിലുള്ള ലക്ഷദ്വീപ് നിവാസികള്‍ക്കെതിരെ  യാതൊരു അടിസ്ഥാനവുമില്ലാതെ നടത്തിയ ഗുരുതരമായ ആരോപണങ്ങള്‍ക്ക് എതിരെ ആന്ത്രോത്ത്  ദ്വീപ് മുന്‍ പഞ്ചായത്ത് ചെയര്‍പെഴ്‌സനും സാമൂഹീക പ്രവര്‍ത്തകനുമായ മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍ വക്കീല്‍ നോട്ടിസ് അയച്ചു. ഇത്തരം ഹീനമായ ചെയ്തിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
  സമാധാന പ്രിയരും, സീറോ ക്രൈം റേറ്റും ഉള്ള ലക്ഷദ്വീപിനെ ഭീകരപ്രവര്‍ത്തരുമായും, മയക്ക് മരുന്ന് മാഫിയയുമായും, വര്‍ഗ്ഗീയവാദികളുമായി ചിത്രീകരിച്ചത് അനീതിയാണ്-മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍ വ്യക്തമാക്കി.  സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷദ്വീപിലെ സാധ്യതകളെ കുറിച്ച് ദേശീയ തലത്തിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധയാകര്‍ഷിച്ച വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്ന വേളയാണിത്. ഇന്ത്യയിലെ സെലിബ്രിറ്റികള്‍  ലക്ഷദ്വീപ് വികസനത്തിന് പിന്തുണ നല്‍കി വരികയുമാണ്. ഇതെല്ലാം തകിടം മറിക്കാനുള്ള ഗൂഡനീക്കമാണ് ഓണ്‍ലൈന്‍ ചാനലിന്റെ ശ്രമമെന്ന് സംശയിക്കുന്നതായും  അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു

Latest News