Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിയേറ്റര്‍ ഇളക്കിമറിച്ച് അബ്രാഹം ഓസ്‌ലര്‍; ജയറാമിനൊപ്പം ഞെട്ടിച്ച് മമ്മൂട്ടി

മെഡിക്കല്‍ ബേസ്ഡ് ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ അബ്രഹാം ഓസ്‌ലറിലൂടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് ജയറാം. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയറാം അതിശക്തമായൊരു പ്രമേയവും കഥാപാത്രവുമായി മലയാളത്തില്‍ എത്തുന്നത്. ടൈറ്റില്‍ റോളാണ് ജയറാമിന്റേതെന്ന പ്രത്യേകതയുമുണ്ട്. 

സിനിമയുടെ രണ്ടാം പകുതിയില്‍ മാസ് എന്‍ട്രി നടത്തുന്ന മമ്മൂട്ടിയുടെ വില്ലന്‍ ജയറാമിനേയും കടത്തിവെട്ടി മുന്നേറുമെന്ന് തോന്നിക്കുന്നുണ്ടെങ്കിലും പതിയെ ജയറാമിലേക്ക് തന്നെ സിനിമയെ കൊണ്ടുവരാന്‍ മിഥുന്‍ മാനവല്‍ തോമസ് ശ്രദ്ധിച്ചിട്ടുണ്ട്. 

കലൂര്‍ ഡെന്നീസിന്റെ രചനയില്‍ ജോഷി സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം നിറക്കൂട്ടില്‍ പൂവ്വച്ചല്‍ ഖാദറിന്റെ രചനയില്‍ ശ്യാം സംഗീതം നല്‍കിയ പൂ മാനമേ ഒരു രാഗമേഘം താ എന്ന ഗാനം അബ്രഹാം ഓസ്‌ലറില്‍ ഉപയോഗിച്ചപ്പോള്‍ യുവതയെ മാത്രമല്ല ഒരുകാലത്തെ സിനിമാ പ്രേമികളേയും കൂടി തന്റെ സിനിമയിലേക്ക് എത്തിക്കണമെന്ന് സംവിധായകന്‍ ലക്ഷ്യമിട്ടിട്ടുണ്ടാകാം. ഒരുപക്ഷേ, ഈ പാട്ടിനു വേണ്ടി മാത്രമായി തിയേറ്ററില്‍ കയറുന്നവരുമുണ്ടാകാം. 

തൃശൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറും മികച്ച കേസന്വേഷകനുമായ അബ്രഹാം ഓസ്‌ലറിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന വന്‍ ദുരന്തത്തിലാണ് സിനിമ ആരംഭിക്കുന്നത്. ആ ദുരന്തം എങ്ങനെ പരിഹരിക്കപ്പെടുമെന്ന് അവസാനം വരെ പ്രേക്ഷകന്‍ കാത്തിരിക്കേണ്ടതുണ്ട്.  

ഒരേ രീതിയില്‍ നടക്കുന്ന വ്യത്യസ്ത കൊലപാതകങ്ങളെ കുറിച്ച് അബ്രാഹം ഓസ്‌ലറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന അന്വേഷണമാണ് അബ്രാഹം ഓസ്‌ലര്‍ സിനിമ. അന്വേഷണ പുരോഗതിയില്‍ പലയിടത്തും പ്രേക്ഷകരെ വഴി തെറ്റിക്കാനും മനോഹരമായി കബളിപ്പിക്കാനും സംവിധായകനും എഴുത്തുകാരനും സാധിക്കുന്നുണ്ട്. 

ഒരു ജയറാം സിനിമയാണ് അബ്രാഹം ഓസ്‌ലറെങ്കിലും തന്റെ സാന്നിധ്യത്തിലൂടെ തിയേറ്ററിനെ ഇളക്കി മറിക്കുന്നുണ്ട് മമ്മൂട്ടി. അതിഥി വേഷത്തിലെത്തുന്ന താരം സിനിമയുടെ ആകെ മൂഡിനേയും മാറ്റിമറിച്ചാണ് കടന്നുപോകുന്നത്. 

ജീവിതത്തില്‍ നേരിട്ട ദുരന്തം മുഴുവന്‍ മുഖത്ത് പ്രതിഫലിപ്പിക്കുന്നുണ്ട് ആദ്യ പകുതിയില്‍ ജയറാമിന്റെ അബ്രഹാം ഓസ്‌ലര്‍. അന്വേഷണത്തിന്റെ വഴി തുറന്നുകിട്ടുന്നതോടെ അദ്ദേഹം ആളാകെ മാറുകയാണ്. ജയറാമിനോടൊപ്പം അന്വേഷണ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്തില്‍ കൃഷ്ണയും തന്റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. 

അടുത്ത കാലത്തായി വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജഗദീഷ് ഈ സിനിമയിലും അപ്രതീക്ഷിതമൊരു കഥാപാത്രത്തെയാണ് കൈകാര്യം ചെയ്യുന്നത്. 

ആദ്യപകുതി കേസന്വേഷണവും കഥയുടെ പോക്കുമൊക്കെ കാഴ്ചക്കാരില്‍ സങ്കീര്‍ണത സൃഷ്ടിക്കുന്നുണ്ടെങ്കിലും എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായി രണ്ടാം പകുതി വരുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുക രണ്ടാം പകുതിയായിരിക്കും. രണ്ടാം പകുതിയിലാണ് മമ്മൂട്ടിയും ജഗദീഷും സൈജു കുറുപ്പും അനശ്വര രാജനും ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നത്. 

അതുവരെ സിനിമയിലൊരിടത്തും (പോസ്റ്ററില്‍ പോലും) മമ്മൂട്ടിയുണ്ടെന്ന സൂചന നല്‍കാതിരുന്ന അബ്രഹാം ഓസ്‌ലര്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത സമയത്ത് കടന്നുവന്ന് തിയേറ്ററിനെ ഇളക്കി മറിക്കുകയാണ്. 

ഡോ. രണ്‍ധീര്‍ കൃഷ്ണയുടെ രചനയില്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം നിര്‍വഹിച്ച അബ്രഹാം ഓസ്‌ലര്‍ നേരമ്പോക്കിന്റേയും മാനുവല്‍ മൂവി മേക്കേഴ്‌സിന്റേയും ബാനറില്‍ ഇര്‍ഷാദ് എം ഹസ്സനും മിഥുന്‍ മാനുവല്‍ തോമസുമാണ് നിര്‍മിച്ചിരിക്കുന്നത്. തേനി ഈശ്വറിന്റെ ക്യാമറ, മിഥുന്‍ മുകുന്ദന്റെ സംഗീതം, ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗ് എന്നിവയും മികവ് തെളിയിച്ചിരിക്കുന്നു.

Latest News