Sorry, you need to enable JavaScript to visit this website.

മനസ്സലിഞ്ഞു; അറഫയില്‍വെച്ച് മകന്റെ ഘാതകന് മാപ്പ് നല്‍കി

മകന്റെ ഘാതകന് അറഫയില്‍ വെച്ച് മാപ്പ് നല്‍കിയ യെമനി തീര്‍ഥാടകന്‍ ഹാദി മുഹമ്മദ് മബ്ഖൂത്ത് അല്‍ശുബൈരി (മധ്യത്തില്‍).

  • മകനെ കൊലപ്പെടുത്തിയ ഘാതകന് യെമനി ഹാജി നിരുപാധികം മാപ്പ് നല്‍കി.
  • നഷ്ടപരിഹാരവുമായി പലതവണ സമീപിച്ചിട്ടും മനസ്സലിഞ്ഞിരുന്നില്ല.

മിന- തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് ഹാജിമാര്‍ സംശുദ്ധ ജീവിതത്തിന് പ്രതിജ്ഞ പുതുക്കുന്ന അറഫയില്‍വെച്ച് ഒരു തീര്‍ഥാടകന്‍ മകന്റെ ഘാതകന് മാപ്പ് നല്‍കി. യെമനി തീര്‍ഥാടകന്‍ ഹാദി മുഹമ്മദ് മബ്ഖൂത്ത് അല്‍ശുബൈരിയാണ് നിരുപാധികം മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കിയത്.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥിയായാണ് ഇദ്ദേഹം ഹജിനെത്തിയത്.
നല്ല തീരുമാനത്തില്‍ എത്തിച്ചേരുന്നതിന് ദൈവിക സഹായം തേടിയുള്ള പ്രത്യേക നമസ്‌കാരം (സ്വലാത്തുല്‍ഇസ്തിഖാറ) നിര്‍വഹിച്ച ശേഷമാണ് മകന്റെ ഘാതകന് മാപ്പ് നല്‍കാന്‍ താന്‍ തീരുമാനിച്ചതെന്ന് ഹാദി അല്‍ശുബൈരി പറഞ്ഞു. ഉടന്‍ തെന്നെ യെമന്‍ ഹജ് മിഷനു കീഴിലെ ശരീഅത്ത് കമ്മിറ്റിയെ സമീപിച്ച് പ്രതിക്ക് മാപ്പ് നല്‍കുന്നതായി രേഖാമൂലം അറിയിച്ചു. ഭാര്യയുടെ കൂടി സാന്നിധ്യത്തിലാണ് ഇദ്ദേഹം പ്രതിക്ക് മാപ്പ് നല്‍കിയത്. മറ്റു അഞ്ചു പേര്‍ സാക്ഷികളായി. ദൈവിക പ്രീതി മാത്രം കാംക്ഷിച്ച് അറഫ സംഗമത്തിനിടെ പ്രതിക്ക് മാപ്പ് നല്‍കിയതില്‍ ഏറെ ആശ്വാസവും ആഹ്ലാദവും തോന്നിയെന്ന് ഹാദി പറഞ്ഞു. പ്രതിയുടെ യെമനിലുള്ള ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ട് മാപ്പ് നല്‍കിയ കാര്യം അറിയിക്കുകയും ചെയുത്.
മൂന്നു വര്‍ഷം മുമ്പ് യെമനില്‍ വെച്ചായിരുന്നു കൊലപാതകം.  തര്‍ക്കത്തിനിടെ മകനെ കൂട്ടുകാരനാണ് കൊലപ്പെടുത്തിയത്. പ്രതി ഞങ്ങളുടെ ബന്ധു തന്നെയാണ്. പ്രതിക്ക് മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ച് മൂന്നു വര്‍ഷത്തിനിടെ നിരവധി പേര്‍ തന്നെ സമീപിച്ചു.  ഭീമമായ തുകയും ഇവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ മാപ്പ് നല്‍കന്‍ മനസ്സ് അനുവദിച്ചില്ല. രണ്ടു ആണ്‍മക്കളാണുണ്ടായിരുന്നത്.  ഒരാള്‍ ഹൂത്തികള്‍ക്കെതിരായ യുദ്ധത്തില്‍ വീരമൃത്യുവരിച്ചു. രണ്ടാമത്തെ മകന്‍ കൂട്ടുകാരന്റെ കൈകളാല്‍ കൊല്ലപ്പെടുകയും ചെയ്തു.
ഹജിന് യാത്ര തിരിക്കുന്നതിനു മുമ്പ് താന്‍ ഒസ്യത്ത് രേഖപ്പെടുത്തി നാലു പെണ്‍മക്കള്‍ക്കും കൈമാറിയിരുന്നു. പ്രവാചക മാതൃക പിന്‍പറ്റിയാണ് താന്‍ പ്രതിക്ക് മാപ്പ് നല്‍കിയത്. എല്ലാവരും വിട്ടുവീഴ്ചയും സഹിഷ്ണുതയും കാണിക്കണം- ഹാദി മുഹമ്മദ് മബ്ഖൂത്ത് അല്‍ശുബൈരി പറഞ്ഞു.


 

 

 

Latest News