തൃശൂര്‍ - തൃശൂര്‍ നഗരത്തില്‍ ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് നേരെ ആക്രമണം. എസ്.ഐക്കും രണ്ട് വനിതാ പോലീസുകാര്‍ക്കും പരിക്കേറ്റു. നെടുപുഴ എസ്.ഐ സന്തോഷ്, പിങ്ക് പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ സ്മിത, കണ്ടാണശേരി സ്വദേശിനിയും സിവില്‍ പൊലീസ് ഓഫീസറുമായ ജാന്‍സി എന്നിവര്‍ക്ക് നേരെയാണ് അക്രമണമുണ്ടായത്. പ്രതിയെ കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന ഗവര്‍ണര്‍ക്ക് റെയില്‍വേ സ്‌റ്റേഷനിലേക്ക് വരുന്നതിന് സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു പോലീസുകാര്‍. ഈ ഭാഗത്തു തന്നെ വിവിധ ഭാഗങ്ങളിലായിട്ടായിരുന്നു ഇവര്‍ നിന്നിരുന്നത്. ജാന്‍സിയെ ആണ് ഇയാള്‍ ആക്രമിച്ചത്. പിന്‍വശത്തു കൂടി വന്ന് പുറത്ത് അടിക്കുകയായിരുന്നു. ആക്രമിച്ച് കടന്ന ഇയാളുടെ വസ്ത്രധാരണം അടക്കം വയര്‍ലസില്‍ പങ്കുവെച്ചതോടെ ഇയാളെ കണ്ട് പിടികൂടാന്‍ ശ്രമിക്കുമ്പോഴായിരുന്നു സ്മിതക്കും എസ്.ഐ സന്തോഷിനും നേരെ അക്രമണമുണ്ടായത്. ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു. മാനസീക രോഗിയാണ് ഇയാളെന്ന് സംശയിക്കുന്നു. പോലീസുകാരുടെ കൈക്കും ശരീരത്തിനും പരിക്കുകളുണ്ട്.