Sorry, you need to enable JavaScript to visit this website.

'ബഹിരാകാശത്ത് നിന്ന് കാണുന്ന ഗ്രീൻ എനർജി പാർക്ക് നിർമിക്കും'; ഗുജറാത്തിൽ വമ്പൻ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്

ഗാന്ധിനഗർ - ഗുജറാത്തിൽ രണ്ടുലക്ഷം കോടി രൂപയിലധികം നിക്ഷേപം പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ ഗൗതം അദാനി രംഗത്ത്. ഗുജറാത്തിൽ വമ്പൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിലാണ് നിർണായക പ്രഖ്യാപനം. 
 ഈ നിക്ഷേപം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ ഗൗതം അദാനി പറഞ്ഞു. കഴിഞ്ഞ ഉച്ചകോടിയിൽ തങ്ങൾ വാഗ്ദാനം ചെയ്ത 55,000 കോടിയിൽ, ഗ്രൂപ്പ് ഇതിനകം 50,000 കോടി ചെലവഴിച്ചതായും അദ്ദേഹം അറിയിച്ചു.  
 ബഹിരാകാശത്ത് നിന്ന് പോലും കാണാൻ കഴിയുന്ന ഒരു ഗ്രീൻ എനർജി പാർക്ക് നിർമിക്കാൻ അദാനി ഗ്രൂപ് ലക്ഷ്യമിടുന്നുണ്ട്. 25 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നതായിരിക്കും ഈ എനർജി പാർക്കെന്നും അദാനി വെളിപ്പെടുത്തി. 2014 മുതൽ, ജി.ഡി.പിയിൽ ഇന്ത്യ 185 ശതമാനം വളർച്ചയും പ്രതിശീർഷ വരുമാനത്തിൽ 165 ശതമാനം വളർച്ചയും നേടിയിട്ടുണ്ട്. ഇത് ജിയോപൊളിറ്റിക്കൽ, പാൻഡെമിക് സംബന്ധമായ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ സമാനതകളില്ലാത്തതാണെന്നും അദാനി അവകാശപ്പെട്ടു.
 അതിനിടെ, ഗുജറാത്തിൽ 3200 കോടി രൂപയുടെ അധികനിക്ഷേപം നടത്തുമെന്ന് സുസുക്കി ഗ്രൂപ്പ് അറിയിച്ചു. ഗുജറാത്തിലെ ഹസാരിയയിൽ ഇന്ത്യയിലെ ആദ്യത്തെ കാർബൺ ഫൈബർ ഫെസിലിറ്റി തുടങ്ങുമെന്ന് മുകേഷ് അംബാനിയും അറിയിച്ചു.  
 ഗാന്ധി നഗറിലെ മഹാത്മാ മന്ദിറിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയദ് അൽ നഹ്‌യാൻ മുഖ്യാതിഥിയായി പങ്കെടുത്ത സമ്മിറ്റിൽ ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിലും ഒപ്പുവെച്ചു. ഇന്ന് ചെക് റിപ്പബ്ലിക് പ്രധാനമന്ത്രിയുമായി സമ്മിറ്റ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉഭയകക്ഷി ചർച്ച നടത്തും. വൈകീട്ട് സബർമതി ആശ്രമം സന്ദർശത്തോടെയാണ് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിന് കൊടിയിറങ്ങുക.

Latest News